തിരുവനന്തപുരം : സംസ്ഥാന ബെസ്റ്റ് ഡോക്‌ടേഴ്‌സ് അവാര്‍ഡ് 2022 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ കണ്ണൂര്‍, മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അനൂപ് സി.ഒ., മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം പ്രൊഫസര്‍ ഡോ. ഗോമതി എസ്., ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് മേഖലയില്‍ പാലക്കാട് ഇ.എസ്.ഐ. ആശുപത്രി ഫിസിഷ്യന്‍ ഡോ. ജയശ്രീ എസ്., ദന്തല്‍ മേഖലയില്‍ കോഴിക്കോട് വടകര ജില്ലാ ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ദന്തല്‍) ഡോ. സജു എന്‍.എസ്., സ്വകാര്യമേഖലയില്‍ പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍ അനസ്‌തേഷ്യാ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ശശിധരന്‍ പി. എന്നിവരേയാണ് ഡോക്‌ടേഴ്‌സ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 15,000 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. മുന്‍വര്‍ഷത്തെക്കാള്‍ അവാര്‍ഡ് തുക വര്‍ധിപ്പിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍പേഴ്‌സണായ സംസ്ഥാനതല അവാര്‍ഡ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. കോവിഡ് സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നില്ല. ഇത്തവണത്തെ ഡോക്‌ടേഴ്‌സ് അവാര്‍ഡ് നിര്‍ണയം നടത്തിയത് പുതുക്കിയ മാര്‍ഗരേഖയനുസരിച്ചാണ്.