തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 76ാം വാര്‍ഷികമാണിന്ന്. നിരവധി ധീരദേശാഭിമാനികളുടെ ജീവന്‍ ബലി നല്‍കിയും സഹനത്തിലൂന്നിയ തീഷ്ണമായ പോരാട്ട വഴികളിലൂടെയുമാണ് സാമ്രാജ്യത്വത്തിന്റെ ഇരുട്ടില്‍ നിന്നും നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ പുലരി കണ്ടത്.
ബഹുസ്വര സമൂഹത്തിലും ഏകത്വത്തിന്റെ ഇഴയടുപ്പം ഉണ്ടാക്കിയെടുക്കാന്‍ നമ്മുടെ രാഷ്ട്രശില്‍പികള്‍ക്ക് സാധിച്ചതാണ് ഇന്ത്യയെന്ന രാജ്യത്തിന്റെ ജനാധിപത്യ സൗന്ദര്യം. പൂര്‍വികര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിനും കാലങ്ങള്‍ കൊണ്ട് അവര്‍ നിര്‍മ്മിച്ചെടുത്ത ആധുനിക ഇന്ത്യയ്ക്കും ഏഴ് പതിറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും ഏകാധിപത്യ പ്രവണതകളും ഭരണകൂട ഭീകരതകളും തലപൊക്കുന്നുവെന്നത് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് ഹിതകരമല്ല.
വെറുപ്പിന്റെ വിത്തുകള്‍ വിതച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം ഈ രാജ്യം ഒറ്റക്കെട്ടായി തകര്‍ത്തെറിയുക തന്നെ ചെയ്യും. ജനവിരുദ്ധമായ എന്തും ചെയ്യാനുള്ള അവകാശമാണ് ജനാധിപത്യം നല്‍കുന്ന മാന്‍ഡേറ്റെന്ന ഭരണകര്‍ത്താക്കളുടെ തോന്നല്‍ ചോദ്യം ചെയ്യേണ്ടതും തിരുത്തിക്കേണ്ടതും നമ്മള്‍ തന്നെയാണെന്ന് ഓര്‍ക്കണം.
എല്ലാ അര്‍ത്ഥത്തിലും സ്വാതന്ത്ര്യവും മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കുമെന്ന് ഈ ദിനത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും പ്രതിജ്ഞയെടുക്കാം. എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.