നവകേരള നിർമിതിക്കു പ്രാധാന്യം നൽകണം; ഓരോ കേരളീയന്റെയും ആത്മാർഥ സഹകരണമുണ്ടാകണം: മുഖ്യമന്ത്രി

Spread the love

വിവിധ മേഖലകളിൽ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയാണു നവകേരളം ഒരുക്കുകയെന്നും അതിന് ഓരോ കേരളീയന്റെയും ആത്മാർഥ സഹായവും സഹകരണവുമുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യസമരകാലത്ത് സ്വാതന്ത്ര്യലബ്ധിക്കു പ്രാധാന്യം നൽകിയവരാണു നമ്മുടെ പൂർവികർ. ഈയൊരു ഘട്ടത്തിൽ നവകേരള നിർമിതിക്കാണു നാം പ്രാധാന്യം നൽകേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 77-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷം ആകുമ്പോഴേക്കും ലോകോത്തര നിലവാരമുള്ള വികസിത മധ്യവരുമാന സമൂഹമാക്കിയും വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹമായും കേരളത്തെ പരിവർത്തിപ്പിക്കാനാണു സർക്കാർ യത്‌നിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. നേട്ടങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമാകുന്നു എന്നുറപ്പാക്കും. 2016ൽ 5.6 ലക്ഷം കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം. ഒടുവിലത്തെ കണക്കുകൾ പ്രകാരം ഇത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. ഏഴു വർഷംകൊണ്ട് 84 ശതമാനം വർധനവുണ്ടായി. 2016 ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 1.48 ലക്ഷം രൂപയായിരുന്നു. ഇന്നത് 2.28 ലക്ഷം രൂപയായി ഉയർന്നു. 54 ശതമാനത്തിലധികം വർധനവ്. കേരളത്തിന്റെ കടത്തെ ജി എസ് ഡി പിയുടെ 39 ശതമാനത്തിൽ നിന്നും 35 ശതമാനത്തിൽ താഴെയെത്തിക്കാൻ കഴിഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *