പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വം; മനസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്; രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സതി അമ്മയുടെ ജോലി കളഞ്ഞവരാണ് പുതുപ്പള്ളിയില്‍ വോട്ട് തേടി ഇറങ്ങിയിരിക്കുന്നത്.
സതി അമ്മയെ മൃഗാശുപത്രിയിലെ സ്വീപ്പര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. എല്ലാവരെയും വേദനിപ്പിക്കുന്ന സംഭവമാണ്. അവരുടെ ജീവിതത്തില്‍ പ്രയാസം വന്നപ്പോള്‍ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടി അവരെ ചേര്‍ത്ത് നിര്‍ത്തി സഹായിച്ചു. ഇക്കാര്യം അവര്‍ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. ഇതാണോ ജോലിയില്‍ നിന്നും പിരിച്ചു വിടാനുള്ള കാരണം? ഇക്കാര്യം പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കില്ലേ? മനസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രാഷ്ട്രീയമായ വിരോധത്തിന്റെയും
അസഹിഷ്ണുതയുടെയും പേരിലാണ് സതി അമ്മയുടെ ജീവിതം വഴിമുട്ടിച്ചത്. ഒരു ദയയും ഇല്ലാത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്നോര്‍ത്ത് ഈ നാട് അപമാന ഭാരത്താല്‍ തലകുനിച്ച് നില്‍ക്കുകയാണ്. സതി അമ്മയെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ആ കുടുംബത്തെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ല. എല്ലാ അര്‍ത്ഥത്തിലും ഞങ്ങള്‍ അവര്‍ക്കൊപ്പമുണ്ടാകും.
ഇന്നലെ വരെ സതി അമ്മ ജോലി ചെയ്തിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. അവര്‍ക്ക് 8000 രൂപ ശമ്പളവും കിട്ടിയിരുന്നു. ഇപ്പോള്‍ പിരിച്ചുവിടാന്‍ കാരണമെന്താണ്? അവരുടെ ജീവിതത്തിലുണ്ടായ കാര്യം മാധ്യമങ്ങളോട് പറഞ്ഞതിനാണ് പിരിച്ചുവിട്ടത്. മന്ത്രി പറയുന്നത് അവര്‍ അവിടെ ജോലി ചെയ്തിട്ടില്ലെന്നാണ്. അങ്ങനെയെങ്കില്‍ അവരെ
എങ്ങനെയാണ് പിരിച്ചുവിട്ടത്? വഴിയിലൂടെ പോകുന്ന ആളെ പിരിച്ച് വിടാനാകുമോ? ഇനിയും സാങ്കേതിക കാര്യങ്ങള്‍ പറയാം. സതി അമ്മ എന്നൊരാള്‍ ഭൂമിയില്‍ ഇല്ലായിരുന്നെന്നു വരെ പറയാം. പൊലീസ് കേസെടുത്തതിന് 84 വയസുള്ള ഭാരതിയമ്മ നാല് വര്‍ഷമാണ് പിന്നാലെ നടന്നത്. നാല് വര്‍ഷം കഴിഞ്ഞപ്പോഴാണ് ആള് മാറിപ്പോയെന്ന് പറഞ്ഞത്. എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്ന് തെളിയിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. എല്ലാ സാങ്കേതികത്വവും മാറ്റിവച്ച് സതി അമ്മയെ ജോലിക്കെടുക്കണം. മന്ത്രി ചിഞ്ചുറാണി ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കണം.
മാസപ്പടി വിവാദവും മാധ്യമ സൃഷ്ടിയാണെന്നാണ് മന്ത്രിമാരും സി.പി.എമ്മും പറഞ്ഞത്. ഹൈക്കോടതി വിധി വന്നാലും മാധ്യമ സൃഷ്ടിയെന്ന് പറയുമോ? ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ട. ഉദ്യോഗസ്ഥര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയും കാട്ടേണ്ട. സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ പ്രതീകമാണ് സതി അമ്മ. സര്‍ക്കാര്‍ മനുഷ്യത്വം കാട്ടുമോ സാങ്കേതികത്വം ഉയര്‍ത്തിപ്പിടിച്ച് മാധ്യമ സൃഷ്ടിയാണെന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സതി അമ്മയെ ഞങ്ങള്‍ വഴിയാധാരമാക്കില്ല. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് സംസാരിച്ചതിന് സതി അമ്മയുടെ ജോലി കളയാന്‍ ശ്രമിച്ചവരാണ് പുതുപ്പള്ളിയില്‍ വോട്ട് തേടി ഇറങ്ങിയിരിക്കുന്നത്.