തെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കും: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

കോട്ടയം : ജനാധിപത്യ ഭരണസംവിധാനത്തിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കുന്ന കാലമായെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരനിക്ഷേപമായി അടിമപ്പണി ചെയ്യാന്‍ കര്‍ഷകരെ കിട്ടില്ല. അധികാരത്തിലിരിക്കുമ്പോള്‍ കര്‍ഷകരെ സംരക്ഷിക്കാത്തവർ കർഷകസ്നേഹം പ്രസംഗിക്കുന്നതിൽ അർത്ഥമില്ല. അസംഘടിത കര്‍ഷകരോട് എന്തുമാകാമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് കര്‍ഷകരുടെയടുക്കല്‍ ഇനിയും വിലപ്പോവില്ല. അന്നം തരുന്ന നെല്‍കര്‍ഷകരില്‍ നിന്ന് നെല്ലുസംഭരിച്ചിട്ട് പണം നല്‍കാതെ സര്‍ക്കാരുകള്‍ നിരന്തരം നടത്തുന്ന വിഴുപ്പലക്കലുകളില്‍ പ്രതികരിക്കാന്‍ പൊതുസമൂഹമിന്ന് ഉണര്‍ന്നിരിക്കുന്നു. ഏഴര ലക്ഷം ഹെക്ടറിൽ നിന്ന് നെൽകൃഷി ഒന്നരലക്ഷം ഹെക്ടറിലേക്ക് ഇടിഞ്ഞുവീണിട്ടും കേരളം കാർഷിക രംഗത്ത്
കുതിക്കുന്നുവെന്ന് പറയുന്നവരുടെ തൊലിക്കട്ടി അപാരം. പുതുതലമുറ കൃഷി ഉപേക്ഷിക്കുന്നുവെങ്കിൽ അതിന് കാരണം കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന സ്വന്തം മാതാപിതാക്കളുടെ കണ്ണീരും ദാരിദ്ര്യവും കൃഷി നഷ്ടവുമാണ്. വാഗ്ദാനങ്ങൾ നൽകിയും പ്രഖ്യാപനങ്ങൾ നടത്തിയും എക്കാലവും കര്‍ഷകരെ പറ്റിക്കാമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും കരുതരുത്.

തങ്ങളെ സംരക്ഷിക്കുവാൻ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ് കേരളത്തില്‍ കര്‍ഷകരും കര്‍ഷകസംഘടനകളും സംഘടിച്ചുണരുവാന്‍ തുടങ്ങിയിരിക്കുന്നത് വരാൻ പോകുന്ന വിപ്ലവകരമായ മാറ്റത്തിന്റെ സൂചനയാണ്. കർഷകർ നിരന്തരം ചതിക്കപ്പെടുന്നുവെന്ന് പൊതുസമൂഹവും തിരിച്ചറിഞ്ഞിരിക്കുന്നു. സ്വന്തം മണ്ണിലെ കര്‍ഷകരെ സംരക്ഷിക്കുവാന്‍ സാധിക്കാത്തവരാണ് ഡല്‍ഹിയില്‍പോയി ഇന്ത്യയിലെ കര്‍ഷകര്‍ക്കായി സമരം നടത്തുന്നത്. റബറിന് 250 രൂപയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും സംസ്ഥാന സര്‍ക്കാര്‍ കാറ്റില്‍ പറത്തി. റബര്‍ വിലസ്ഥിരതാപദ്ധതിയും അട്ടിമറിക്കപ്പെട്ടു. നാട് പണയംവെച്ച് പണം കടം വാങ്ങി ശമ്പളത്തിനും ധൂര്‍ത്തിനും ചെലവാക്കുന്നതിനായി ഒരു ഭരണസംവിധാനത്തിന്റെ ആവശ്യമുണ്ടോയെന്ന് ജനങ്ങള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നത് നാളെ വൻ പ്രതിഷേധകൊടുങ്കാറ്റായി ആഞ്ഞടിക്കുമെന്ന് രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും തിരിച്ചറിയാന്‍ വൈകരുതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *