തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള കൈപ്പുസ്തകം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസന സങ്കല്പത്തിലൂടെ എല്ലാ വിഭാഗത്തെയും ചേർത്തുനിർത്തുമെന്ന് മന്ത്രി പറഞ്ഞു.ഭിന്നശേഷി സൗഹൃദ മാർഗ്ഗങ്ങൾ എല്ലാം സമഗ്രമായി ഉൾപ്പെടുത്തി കൈപുസ്തകം തയ്യാറാക്കിക്കൊണ്ട് വലിയ മാതൃകയാണ് കേരളം മുന്നോട്ട് വെക്കുന്നത്. ഈ വിഭാഗക്കാർക്ക് ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കാൻ ഇത്തരം ഇടപെടലുകൾ സഹായിക്കും. പ്രത്യേകം പരിഗണന ലഭിക്കേണ്ട എല്ലാ വിഭാഗങ്ങൾക്കും പ്രശ്നങ്ങൾക്കും അവരുടെ ആവശ്യങ്ങൾ ഉൾചേർത്ത് സാമൂഹ്യനീതി ഉറപ്പാക്കും. നവ കേരളത്തിനായി എല്ലാവരെയും ചേർത്തുനിർത്തി സർക്കാർ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.അന്താരാഷ്ട്ര തലത്തിലുള്ള എല്ലാ മാതൃകകളും മാനദണ്ഡങ്ങളും സ്വാംശീകരിച്ചാണ് കിലയുടെ നേതൃത്വത്തിൽ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങളും പഞ്ചായത്ത് രാജ് നിയമം, പൗരാവകാശ രേഖ, സിവിൽ രജിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആംഗ്യഭാഷ, പരിഭാഷ, അടിക്കുറിപ്പുകൾ, ക്യു ആർ കോഡ്, ഇ-റീഡിങ് സംവിധാനം, ശബ്ദവിവരണം, ബ്രയി ലിപി, വലിയ അക്ഷരങ്ങൾ തുടങ്ങിയ ഭിന്നശേഷി മാർഗ്ഗങ്ങൾ എല്ലാം അടങ്ങുന്നതാണ് പുസ്തകം.കിലയിൽ നടന്ന പരിപാടിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി.