പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം.
വിമര്‍ശിക്കുന്നവരുടെ മനോനില പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറയുന്നതും ഒരു അസുഖമാണ്; അതിനാണ് ചികിത്സ വേണ്ടത്.
തിരുവനന്തപുരം : അമ്മയുടെ കൂടെ കിടന്നുറങ്ങുന്ന അഞ്ചും എട്ടും വയസുള്ള കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയാണ്. അത്തരം സംഭവങ്ങള്‍ വ്യാപകമായി ആവര്‍ത്തിക്കുന്നു. സെക്രട്ടേറിയറ്റിന്റെ മൂക്കിന് താഴെ പോലും സ്ത്രീകള്‍ക്ക് പകല്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത രീതിയിലുള്ള എത്രയോ
സംഭവങ്ങളുണ്ടായി? കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. എന്നിട്ടും ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 2016-ല്‍ 2879 കൊഗ്നൈസളില്‍ കുറ്റകൃത്യങ്ങളാണ് കുഞ്ഞുങ്ങള്‍ക്കെതിരെ ഉണ്ടായത്. 2022-ല്‍ അത് 5315 ആയി ഉയര്‍ന്നു. ഗുണ്ടകളും ക്രിമിനലുകളും സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. മയക്ക് മരുന്ന് സംഘങ്ങളുടെ കൈപ്പിടിയിലാണ് കേരളം. എന്നിട്ടും മുഖ്യമന്ത്രി അഭിമാനബോധത്താല്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്. കുറ്റകൃത്യങ്ങള്‍ ഇത്രത്തോളം വര്‍ധിച്ചൊരു കാലഘട്ടമുണ്ടായിട്ടില്ല. പുറത്ത് വരാത്ത എത്രയോ സംഭവങ്ങളുണ്ട്. തിരുവനന്തപുരത്തല്ലേ വെട്ടിയെടുത്ത കാലുമായി ഗുണ്ടകള്‍ ബൈക്കില്‍ പ്രകടനം നടത്തിയത്?.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ എന്തുകൊണ്ടാണ് വര്‍ധിക്കുന്നതെന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ? മയക്ക് മരുന്നിന്റെ വര്‍ധനവാണോ ഇതിനുള്ള പ്രധാന കാരണം? ക്രൂരമായ അക്രമങ്ങളാണ് സംസ്ഥാനത്ത് എല്ലായിടത്തുമുള്ളത്. അതിനെ നേരിടാനുള്ള പ്ലാന്‍ ഓഫ് ആക്ഷന്‍ പൊലീസിനുണ്ടോ? മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ എത്ര ബലാത്സംഗ കേസുകള്‍ ഉണ്ടായിട്ടുണ്ട്? എത്ര കേസുകളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയിട്ടുണ്ട്? എത്ര കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? എത്ര കേസുകളില്‍ പ്രതികളെ വിട്ടയച്ചിട്ടുണ്ട്? ഈ ചോദ്യങ്ങള്‍ക്ക് ക്രോഡീകരിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയാണ് നിയമസഭയില്‍ കിട്ടിയത്. എത്ര പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നതിനും ലഹരിക്ക് അടിമകളായതിനെ തുടര്‍ന്ന് നടന്നിട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ടെന്നതും
സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ക്രോഡീകരിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയാണ് കിട്ടിയത്. ഡാറ്റാ ബേസ് പോലും പൊലീസിന്റെ പക്കലില്ല. അങ്ങനെയുള്ള നിങ്ങള്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങള്‍ തടയുന്നത്. ഒരു സംഭവം ഉണ്ടായിക്കഴിഞ്ഞാല്‍ പൊലീസ് അന്വേഷിക്കും. കുറെ കേസുകളില്‍ പ്രതികളെ പിടിക്കും. കുറെ കേസുകളില്‍ പ്രതികളെ കിട്ടില്ല. ഇതാണോ ആധുനികമായ പൊലീസ്? ഈ പൊലീസിങിനെ കുറിച്ചാണോ തല ഉയര്‍ത്തിപ്പിടിച്ച് അഭിമാനബോധത്തോടെ മുഖ്യമന്ത്രി സംസാരിച്ചത്? എന്താണ് നിങ്ങളുടെ കയ്യിലുള്ള ക്രൈം റെക്കോര്‍ഡ്? നിങ്ങളുടെ കയ്യില്‍ ഒന്നുമില്ല. ജാമ്യത്തില്‍ ഇറങ്ങുന്ന പ്രതികളെ നിരീക്ഷിക്കാനുള്ള സംവിധാനം പോലുമില്ല. നിങ്ങളുടെ ഇന്റലിജന്‍സും സ്‌പെഷല്‍ ബ്രാഞ്ചും ദയനീയമായി പരാജയപ്പെട്ടു. ആധുനകി കാലത്തെ ഒരു പൊലീസിങ് സംവിധാനവുമില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ തൊഴില്‍ വകുപ്പ് ശേഖരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ തൊഴില്‍ വകുപ്പിന്റെ പക്കല്‍ ഒരു വിവരങ്ങളുമില്ല. ഒരു പരിശോധനയും നടക്കുന്നില്ല. അമ്മയുടെ ഒപ്പം കിടക്കുന്ന കുഞ്ഞുങ്ങളെ പോലും ആര്‍ക്കും പിടിച്ചുകൊണ്ട് പോയി പീഡിപ്പിച്ച് കൊല്ലാവുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ആവശ്യത്തിന് പൊലീസുകാര്‍ പോലുമില്ല. ഇന്‍വെസ്റ്റിഗേഷനും ലോ ആന്‍ഡ് ഓര്‍ഡറിനും എസ്‌കോര്‍ട്ടിനും പോകുന്നത് ഒരേ പൊലീസുകാരാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.
2016-ല്‍ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകമുണ്ടായപ്പോള്‍ സര്‍ക്കാരിനെതിരെ ആഘോഷിച്ചവരാണ് നിങ്ങള്‍. പെരുമ്പാവൂരിന് തൊട്ടടുത്താണ് ആലുവ. എട്ട് വയസുകാരിയും ഏഴ് വയസുകാരിയുമാണ് പീഡിപ്പിക്കപ്പെടുകയും പീഡനത്തിന് ഇരയായി കൊല്ലപ്പെടുകയും ചെയ്തത്. ഇത്തരം സംഭവങ്ങള്‍ തടയാനുള്ള ഒരു സംവിധാനവും നിങ്ങള്‍ക്കില്ല.
ആഭ്യന്തരവകുപ്പ് ഒരു സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ചൂടായി. ഇന്നലെയും ഇന്നും മുഖ്യമന്ത്രി പറഞ്ഞത് ആരോപണം ഉന്നയിച്ചവരുടെ മനോനില പരിശോധിക്കണമെന്നാണ്. വിമര്‍ശനം ഉന്നയിക്കുന്നവരുടെ മനോനിലയെ കുറിച്ച് സംശയമുള്ളത് വേറൊരു അസുഖമാണ്. അതിനാണ് ചികിത്സ വേണ്ടത്.
ഇരട്ടനീതിയാണ് സംസ്ഥാനത്ത് പൊലീസ് നടപ്പാക്കുന്നത്. പുതുപ്പള്ളിയില്‍ തൂപ്പുകാരിയായ സതിയമ്മയെ ജോലിയില്‍ നിന്ന് പുറത്താക്കുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. മുദ്രാവാക്യം വിളിച്ചതിന് പൊലീസുകാര്‍ 94 വയസുകാരനായ ഗ്രോ വാസുവിന്റെ വായ പൊത്തിപ്പിടിച്ചു. നിങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരല്ലേ?
മുദ്രാവാക്യം വിളിച്ച് വന്നവരല്ലേ? വിപ്ലവ പാര്‍ട്ടിയല്ലേ? എന്നിട്ടാണോ 94 വയസുകാരന്‍ പതിഞ്ഞ ശബ്ദത്തില്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ വായ് പൊത്തിപ്പിടിച്ചതും തൊപ്പികൊണ്ട് മുഖം മറച്ചതും? ഇതാണോ പൊലീസിന്റെ ജോലി? പോക്‌സോ കേസില്‍ ഇടപെട്ട നിങ്ങളുടെ എം.എല്‍.എയെ പാര്‍ട്ടിയില്‍ തരംതാഴ്ത്തിയിട്ടും കേസെടുത്തില്ല. തൃശൂരിലും ആലപ്പുഴയിലും സ്ത്രീകള്‍ അപമാനിക്കപ്പെട്ട നിരവധി സംഭവങ്ങളുണ്ടായിട്ടും പാര്‍ട്ടി പൊലീസ് സ്റ്റേഷനും കോടതിയുമായി ഒതുക്കിത്തീര്‍ക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മന്ത്രി എഴുന്നേറ്റ് നിന്ന് സംസാരിക്കാന്‍ ശ്രമിക്കുന്നത് മര്യാദയല്ല. ഭരണപക്ഷത്തിന് അസഹിഷ്ണുതയാണ്. ഈ മനോനിലയാണ് പരിശോധിക്കേണ്ടത്. നിങ്ങള്‍ 99 പേര്‍ എഴുന്നേറ്റാലും ഞാന്‍ ഇരിക്കില്ല. ഭീഷണിയൊക്കെ കയ്യില്‍ വച്ചാല്‍ മതി.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ഗുണ്ടാ മയക്കു മരുന്ന് സംഘങ്ങളെ ഭയന്ന് പുറത്തിറങ്ങാന്‍ പോലും ജനങ്ങള്‍ ഭയക്കുന്നു. ആലുവയില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് പൊലീസിനെ കുറിച്ച് മുഖ്യമന്ത്രി അഭിമാനിക്കുകയാണ്.