ഭിന്നശേഷി കൂട്ടായ്മകളുടെ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റഴിക്കും:മന്ത്രി

Spread the love

‘സമഗ്ര’ ഭിന്നശേഷി വിജ്ഞാന തൊഴില്‍ പദ്ധതിക്ക് തുടക്കം

വ്യത്യസ്തങ്ങളായ സംരംഭങ്ങളുടെ ഭാഗമായി ഭിന്നശേഷി കൂട്ടായ്മകള്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ ബ്രാന്‍ഡോടു കൂടി വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ ഔട്ട്‌ലറ്റുകള്‍ പ്രയോജനപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പു മന്ത്രി ആര്‍.ബിന്ദു. ഭിന്നശേഷി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്കായി കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന ‘സമഗ്ര’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പുതിയ വൈജ്ഞാനിക മേഖലകളില്‍ നൈപുണി വികസനം ഉള്‍പ്പെടെ ഉറപ്പാക്കി ഭിന്നശേഷിക്കാരെ വരുമാനദായകമായ തൊഴിലുകളിലെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.ഇതിന്റെ ഭാഗമായി കെ ഡിസ്‌കിന്റെ നേതൃത്വത്തില്‍ ഒരു ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം തയ്യാറാക്കിയിട്ടുണ്ട്.

ഓരോരുത്തരുടെയും നൈപുണി അനുസരിച്ച് പ്രമുഖ സംരംഭങ്ങളില്‍ അവസരം ലഭിക്കാന്‍ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.ഭിന്നശേഷിക്കാര്‍ക്കായി നൈപുണി വികസനത്തിന് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും.യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം വഴി ഭിന്നശേഷിക്കാരുടെ ആശയങ്ങള്‍ പ്രയോഗവത്കരിക്കാന്‍ ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.നോളജ് ഇക്കോണമി മിഷന്‍ സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനവും തൊഴില്‍ സാധ്യതകളുടെ പരിഗണനകളും വിശദമായി പരിശോധിക്കുകയും 2026 ന് മുന്‍പ് വൈജ്ഞാനിക തൊഴിലില്‍ തല്‍പരരായ പ്ലസ് ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും കണ്ടെത്തി നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമാക്കുകയുമാണ് സമഗ്ര പദ്ധതിയുടെ ലക്ഷ്യം.

കൈമനം ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക് കോളേജില്‍ നടന്ന ചടങ്ങില്‍ നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ പി.എസ് ശ്രീകല, പാപ്പനംകോട് വാര്‍ഡ് കൗണ്‍സിലര്‍ ആശാനാഥ് ജി.എസ്, കേരള വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജയാ ഡാളി എം. വി,കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി പി.വി ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *