സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 (സ്‌കൂൾ വിദ്യാഭ്യാസം) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. പൊതുജനങ്ങൾക്ക് ഇനിയും അഭിപ്രായങ്ങൾ രേഖപ്പെടുത്താമെന്നും അതിനായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി(എസ്.സി.ഇ.ആർ.ടി.)യുടെ വെബ്സൈറ്റിൽ 10 ദിവസംകൂടി സൗകര്യം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.പൊതുജനങ്ങളിൽനിന്നും വിദ്യാർഥികളിൽനിന്നും പ്രത്യേകം അഭിപ്രായങ്ങൾ ശേഖരിച്ചും വിപുലവും ഗൗരവമുള്ളതുമായ ചർച്ചകൾ നടത്തിയുമാണു കേരള പാഠ്യപദ്ധതി ചട്ടക്കൂട് – 2023
തയാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. പാഠ്യ പദ്ധതി പരിഷ്‌കരണത്തിൽ എല്ലാവർക്കും മാതൃകയാകാൻ കഴിയുന്ന വിധത്തിലാണു സംസ്ഥാനം പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനുവേണ്ടി നടത്തിയ ജനകീയ ചർച്ച കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച ഏറ്റവും വലിയ രേഖകളിലൊന്നായി മാറിക്കഴിഞ്ഞു. പാഠ്യ പദ്ധതി സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ കുട്ടികളുമായും ചർച്ചകൾ നടത്തി അഭിപ്രായങ്ങൾ ശേഖരിച്ചു പ്രത്യേക രേഖയാക്കി. ഐക്യകേരളം രൂപീകരിച്ച ശേഷം കുട്ടികളുടെ കൂടി അഭിപ്രായം ശേഖരിച്ചു പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നത് ഇതാദ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.10 വർഷത്തിനു ശേഷമാണ് പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കപ്പെടുന്നത്. പ്രൈമറി വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം അധ്യാപക വിദ്യാഭ്യാസം, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം എന്നിങ്ങനെ നാലു മേഖലകളിലാണു പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചെടുക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂടിനു പുറമേയുള്ള മറ്റു മൂന്നു ചട്ടക്കൂടുകൾ ഒക്ടോബർ ആദ്യം പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും. 1, 3, 5, 7, 9 ക്ലാസുകളിലെ കുട്ടികൾക്കായി 168 പാഠപുസ്തകങ്ങളാണ് പുതിയ പാഠ്യപദ്ധതിയനുസരിച്ചു 2024ൽ അച്ചടിച്ചിറക്കേണ്ടത്.
റോഡ് സുരക്ഷ സംബന്ധിച്ചു വിദ്യാർഥികൾക്ക് അറിവു പകരുന്നതു പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 രേഖ മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ. ജയകുമാറിനു നൽകി വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു. ജനകീയ റിപ്പോർട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവുമായ പി.പി. ദിവ്യയ്ക്കു നൽകിയും കുട്ടികളുടെ ചർച്ചാ റിപ്പോർട്ട് വിദ്യാർഥി പ്രതിനിധികൾക്കു നൽകിയും പ്രകാശനം ചെയ്തു.
ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കരിക്കുലം കമ്മിറ്റി അംഗം ഡോ. അനിത രാംപാൽ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് എന്നിവരും പങ്കെടുത്തു.