കൊച്ചി മെട്രോ 2022-23 സാമ്പത്തിക വർഷത്തിൽ വരുമാനത്തിലുണ്ടായ 145% വർദ്ധനവുവഴി പ്രവർത്തന ലാഭം – മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

ഏതൊരു നാടിന്റെയും വികസനമുന്നേറ്റത്തിന് ഊർജ്ജം പകരുന്ന കാര്യമാണ് അവിടത്തെ പൊതുഗതാഗത രംഗത്തിന്റെ വളർച്ചയെന്നത്. കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ 2022-23 സാമ്പത്തിക വർഷത്തിൽ വരുമാനത്തിലുണ്ടായ 145% വർദ്ധനവുവഴി പ്രവർത്തന ലാഭം നേടിയിരിക്കുന്നു. 2017 ജൂണിൽ സർവ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നത്.
കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നിരിക്കുന്നു.

യാത്രക്കാരുടെ എണ്ണത്തിൽ വന്ന വർദ്ധനവാണ് ഇതിനു കാരണം. കൊച്ചി മെട്രോ ആരംഭിച്ച 2017 ൽ 59,894 ആളുകളാണ് ഇതിലൂടെ യാത്ര ചെയ്തത്. കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡി (കെഎംആർഎൽ) ന്റെ പരിശ്രമങ്ങളുടെ ഫലമായി പിന്നീട് കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. ഇതിന്റെ ഭാഗമായി 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും ഇത് ഒരു ലക്ഷത്തിലധികം എന്ന സംഖ്യയിലേക്കുമെത്തുകയുണ്ടായി.
അത്യാധുനിക പശ്ചാത്തല സൗകര്യങ്ങൾ ഏതൊരു വികസിത സമൂഹത്തിനും അനിവാര്യമായ കാര്യമാണ്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വിവിധ നടപടികളുമായി മുന്നോട്ടുപോകുകയാണ് എൽഡിഎഫ് സർക്കാർ. കാര്യക്ഷമവും വികസിതവുമായ പൊതുഗതാഗത സംവിധാനങ്ങളൊരുക്കാനും സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചുവരുന്നു. കേരളത്തിന്റെ അഭിമാന സംരംഭമായ കൊച്ചി മെട്രോ പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് നമ്മുടെ ഈ വികസനക്കുതിപ്പിന് ശക്തി പകരും.

Author

Leave a Reply

Your email address will not be published. Required fields are marked *