ശ്രുതി തരംഗം പദ്ധതി: ശസ്ത്രക്രിയകള്‍ നടന്നു വരുന്നു

Spread the love

എംപാനല്‍ ആശുപത്രികള്‍ മുഖേന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കീഴില്‍ ശ്രുതി തരംഗം പദ്ധതിക്കായി എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതിയുടെ മുന്‍ വര്‍ഷങ്ങളിലെ നടത്തിപ്പുകാരായിരുന്ന കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ (കെഎസ്എസ്എം) മുഖേനയും അല്ലാതെയും പുതിയ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറികള്‍ക്കായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ 44 എണ്ണത്തിന് പദ്ധതിയുടെ സാങ്കേതിക സമിതി ശസ്ത്രക്രിയ നടത്തുവാനുള്ള അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ കുട്ടികളുടെ ശസ്ത്രക്രിയയാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ മേഖലയില്‍ നിന്നും തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളും സ്വകാര്യ മേഖലയില്‍ നിന്നും ഡോ. നൗഷാദ് ഇ.എന്‍.ടി. ഇന്‍സ്റ്റിറ്യൂട്ട് & റിസര്‍ച്ച് സെന്റര്‍, എറണാകുളം, ഡോ. മനോജ് ഇ.എന്‍.ടി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് & റിസര്‍ച്ച് സെന്റര്‍, കോഴിക്കോട്, അസ്സെന്റ് ഇ.എന്‍.ടി. ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ എന്നീ ആശുപത്രികളുമാണ് ശ്രുതിതരംഗം പദ്ധതിയില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന എംപാനല്‍ ചെയ്തിട്ടുള്ളത്.

കെഎസ്എസ്എം പദ്ധതി നിര്‍വഹണ കാലയളവില്‍ നടത്തിയിട്ടുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറികളില്‍ തുടര്‍സേവനങ്ങളായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവയ്ക്കായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് ലഭിച്ചിട്ടുള്ള അപേക്ഷകളിലെ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിക്കുള്ള അപേക്ഷ കൂടാതെ ഈ വിഭാഗങ്ങളിലുള്ള അപേക്ഷകളും ഗുണഭോക്താക്കള്‍ക്ക് എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രികള്‍ മുഖേന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫോമുകള്‍ ഗുണഭോക്താക്കള്‍ക്ക് ഈ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭ്യമാണ്.

ശ്രവണ വൈകല്യം നേരിടുന്ന അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതി തരംഗം. പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത് മെഡിക്കല്‍ അഷ്വറന്‍സ് വിപുലീകരിക്കുന്നതിനുള്ള ലക്ഷ്യം മുന്‍നിര്‍ത്തി സമാന സ്വഭാവമുള്ള ആരോഗ്യ ആനുകൂല്യ പദ്ധതികള്‍ ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതി ആരോഗ്യ വകുപ്പിന് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പദ്ധതിയുടെ നിര്‍വഹണ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *