നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബർ ഒന്നു മുതൽ ഏഴ് വരെ

Spread the love

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് (കെ.എൽ.ഐ.ബി.എഫ്-2) നവംബർ ഒന്നു മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിൽ നടക്കും. പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നവംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ ‘നിയമസഭാ അവാർഡ്’ പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ, കേരള ജ്യോതി പുരസ്‌കാര ജേതാവുമായ പത്മഭൂഷൺ എം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി ചടങ്ങിൽ സമ്മാനിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, നിയമസഭാ സെക്രട്ടറി എ. എം. ബഷീർ തുടങ്ങിയവർ പങ്കെടുക്കും.

നവംബർ ഒന്നിന് രാവിലെ 10ന് സ്റ്റാളുകളുടെ ഉദ്ഘാടനം നടക്കും. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പുസ്തകോത്സവത്തിൽ കലാ-സാംസ്‌കാരിക-സാഹിത്യരംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. 240 പുസ്തക പ്രകാശനങ്ങൾ, 30 പുസ്തക ചർച്ചകൾ, മന്ത്രിമാരുൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള ‘മീറ്റ് ദി ഓതർ’, ‘എന്റെ എഴുത്തിന്റെയും വായനയുടെയും ലോകം’ തുടങ്ങിയ പരിപാടികൾ പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. സ്മൃതി സന്ധ്യ, കെഎൽഐബിഎഫ് ടോക്‌സ്, കവിയരങ്ങ്, കവിയും ജീവിതവും, കെഎൽഐബിഎഫ് ഡയലോഗ്‌സ്, അക്ഷരശ്ലോക സദസ് തുടങ്ങിയ പ്രത്യേക പരിപാടികളും നടക്കും. ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ് ലോഞ്ചിലും മറ്റ് മൂന്ന് വേദികളിലുമായിട്ടാണ് പ്രത്യേക പരിപാടികൾ അരങ്ങേറുക എന്ന് സ്പീക്കർ അറിയിച്ചു. 160 ഓളം പ്രസാധകരുടെ 255ലധികം സ്റ്റാളുകളാണ് പുസ്തകോത്സവത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്.

ആദ്യ ദിനമായ നവംബർ ഒന്നിന് നോബൽ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥി പുസ്തകോത്സവത്തിൽ പങ്കെടുക്കും. പെരുമാൾ മുരുകൻ, ഷബ്‌നം ഹഷ്മി, ശശി തരൂർ എം പി, സന്തോഷ് ജോർജ്ജ് കുളങ്ങര, എം. മുകുന്ദൻ, ആനന്ദ് നീലകണ്ഠൻ, സച്ചിദാനന്ദൻ, പ്രഭാവർമ, പ്രൊഫ. വി.മധുസൂദനൻ നായർ, സുഭാഷ് ചന്ദ്രൻ, മീന കന്ദസ്വാമി, അനിത നായർ,കെ.ആർ. മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രൻ, പറക്കാല പ്രഭാകർ, സുനിൽ പി. ഇളയിടം, പി.എഫ്. മാത്യൂസ്, മധുപാൽ, ഡോ. മനു ബാലിഗർ, ആഷാ മേനോൻ, എൻ. ഇ. സുധീർ, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സി.വി. ബാലകൃഷ്ണൻ തുടങ്ങി 125-ഓളം പ്രമുഖരും പങ്കെടുക്കുന്ന വിവിധ സാഹിത്യ സദസുകളും പുസ്തകോത്സവത്തിന്റെ ഭാഗമാണ്.

കെഎൽഐബിഎഫ്-രണ്ടാം പതിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ തീം സോങ് സ്പീക്കർ എ.എൻ. ഷംസീർ ഇന്നലെ (18.10.2023) പ്രകാശനം ചെയ്തു. ‘അക്ഷരവെട്ടം ഉയർത്തിവരുന്നൊരു പുസ്തക കാലമിതാ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നൽകി ആലപിച്ചത് പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഹിഷാം അബ്ദുൽ വഹാബ് ആണ്. അഖിലൻ ചെറുകോടാണ് ഗാനരചയിതാവ്. പുസ്തകോത്സവത്തോടനുബന്ധിച്ച് നിയമസഭാ മന്ദിരവും പരിസരപ്രദേശങ്ങളും ദീപാലംകൃതമാക്കും. എല്ലാവർക്കും പുസ്തകോത്സവത്തിൽ പ്രവേശനം സൗജന്യമായിരിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *