മാനവീയം വീഥിയിൽ വരച്ചുതുടങ്ങി കേരളീയത്തിന്റെ ‘എക്‌സ്പ്രഷൻ’

Spread the love

കേരളീയത്തിന്റെ പ്രദർശനങ്ങൾക്കു തുടക്കം കുറിച്ച് മാനവീയം വീഥിയിൽ യുവ കലാകാരികളുടെ ഗ്രാഫിറ്റിക്കു തുടക്കം. കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി മാനവീയം വീഥിയിലെ ചുമരിൽ ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ എക്സിബിഷനു മുന്നോടിയായാണ് മാനവീയം വീഥിയിൽ
‘മൊസൈക് ഓഫ് എക്സ്പ്രഷൻ’ എന്ന പേരിൽ ചുവർചിത്രങ്ങൾ വരയ്ക്കുന്നതിനു തുടക്കമിട്ടത്. നവംബർ ഒന്നോടെ ‘മൊസൈക് ഓഫ് എക്സ്പ്രഷൻ’ പ്രദർശനത്തിന്റെ ഭാഗമായ ഗ്രാഫിറ്റി രചന പൂർത്തിയാകും. കേരളീയത്തിന്റെ ലോഗോയും ബ്രാൻഡ് ഡിസൈന്റെ നിറവും രൂപകൽപന ചെയ്ത കൊച്ചി ബിനാലെ ഫൗണ്ടേഷൻ സ്ഥാപകനായ ബോസ് കൃഷ്ണമാചരിയാണ് മ്യൂറൽ എക്സിബിഷൻ ക്യൂറേറ്റ് ചെയ്യുന്നത്.
അനുപമ ഇല്യാസ്, അക്ഷയ കെ. സുരേഷ്, പി.എസ്.ജലജ, പി.എസ്.ജയ, ഹെൽന മെറിൻ ജോസഫ്,ഹിമ ഹരിഹരൻ,മറിയം ജാസ്മിൻ, മോണ ഇസ, സബിത കടന്നപ്പള്ളി, സാറ ഹുസൈൻ, കെ.ശിൽപ, വി.എൻ.സൗമ്യ, യാമിനി മോഹൻ എന്നീ സമകാലികരായ 13 യുവകലാകാരികളാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.
എം.എൽ.എമാരായ ഐ.ബി. സതീഷ്,ഡി.കെ. മുരളി,ചീഫ് സെക്രട്ടറി ഡോ. വി.വേണു, കേരളീയം കൺവീനർ എസ്. ഹരികിഷോർ, പി.ആർ.ഡി. ഡയറക്ടർ ടി.വി.സുഭാഷ്, റിസർച്ച്് ആൻഡ് അനാലിസിസ് വിങ് മുൻ ഡയറക്ടർ ഹോർമിസ് തരകൻ ക്യൂറേറ്ററായ ബോസ് കൃഷ്ണമാചാരി, കലാകാരികളെ പ്രതിനിധീകരിച്ച് പി.എസ്.ജലജ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *