ദാരിദ്ര്യം തുടച്ചു നീക്കാൻ കേരളത്തെ പ്രാപ്തമാക്കുന്നത് ഇവിടുത്തെ വനിതാ ശാക്തീകരണ പ്രവർത്തനങ്ങളാണെന്നും ഇതു രാജ്യത്തിനു മാതൃകയാണെന്നും മണിപ്പുരിൽനിന്നുള്ള നിയമസഭാംഗം എം. രാമേശ്വർ സിങ്. കേരളത്തിലെ വനിതാ ശാക്തീകരണ പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കാൻ ഇവിടെയെത്തിയ അദ്ദേഹം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
വനിതാ സ്വയംസഹായ സംഘങ്ങൾ കേരളത്തിന്റെ സാമൂഹ്യ പുരോഗതിയിൽ വലിയ മുന്നേറ്റമുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള സന്ദർശനത്തിനിടെ താൻ കൊച്ചിയിൽ പോയിരുന്നു. കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങളെല്ലാം വനിതകളുടെ നേതൃത്വത്തിലാണു നടക്കുന്നത്. വനിതാ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ 20 രൂപയ്ക്കു ഭക്ഷണം നൽകുന്ന കാന്റീനുകൾ നടത്തുന്നു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം വനിതാ ശാക്തീകരണ പദ്ധതികളുണ്ട്. ഇതു സ്ത്രീകളുടെ തൊഴില്ലായ്മ പരിഹരിക്കുന്നതിനൊപ്പം അവർക്കു സാമ്പത്തിക ശാക്തീകരണം നൽകുന്നതുകൂടിയാണ്. ഇതുമൂലമാണു കേരളത്തിനു ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയുന്നു. ഇതു മണിപ്പുരിനും രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങൾക്കും നടപ്പാക്കാൻ കഴിയുന്ന മാതൃകാ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുരിലെ കക്ചിങ് നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ് രാമേശ്വർ സിങ്.