സംസ്ഥാനത്ത് ബി.എസ്.സി. നഴ്‌സിംഗ് ക്ലാസുകള്‍ ആരംഭിച്ചു

Spread the love

ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മേഖലയില്‍ 1020 പുതിയ ബി.എസ്.സി. നഴ്സിംഗ് സീറ്റുകള്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.എസ്.സി. നഴ്‌സിംഗ് ക്ലാസുകള്‍ ആരംഭിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിംഗ് കോളേജുകളും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്സിംഗ് കോളേജിനോട് അനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക ബാച്ച് ജനറല്‍ ആശുപത്രി ക്യാമ്പസിലെ പുതിയ ബ്ലോക്കിലും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല, കോന്നി, നൂറനാട്, ധര്‍മ്മടം, തളിപ്പറമ്പ്, താനൂര്‍ എന്നിവടങ്ങളില്‍ 60 സീറ്റ് വീതമുള്ള നഴ്‌സിംഗ് കോളേജുകളും ആരംഭിച്ചു.

ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്സിംഗ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച 6 നഴ്സിംഗ് കോളേജുകള്‍ക്കായി 79 തസ്തികകളും സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ വര്‍ധിപ്പിച്ചതോടെ ആകെ സര്‍ക്കാര്‍ സീറ്റുകള്‍ 1090 ആയി വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഇതുകൂടാതെ സിമെറ്റ് 660, സീപാസ് 260, കെയ്പ് 50 എന്നിങ്ങനെ സീറ്റുകള്‍ ഉയര്‍ത്താനായി. ഇതോടെ സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത മേഖലകളിലേക്ക് മെറിറ്റ് സീറ്റ് 5627 ആയി ഉയര്‍ത്താന്‍ സാധിച്ചു. കൂടാതെ സര്‍ക്കാര്‍ മേഖലയില്‍ ജനറല്‍ നഴ്‌സിംഗിന് ഈ വര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 100 സീറ്റ് വര്‍ധിപ്പിച്ച് 557 സീറ്റുകളായി ഉയര്‍ത്തി. തിരുവനന്തപുരത്തും ആലപ്പുഴയിലും എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സിന് അനുമതി (16 സീറ്റ്) നല്‍കി. ട്രാന്‍സ്‌ജെന്‍ജര്‍ വ്യക്തികള്‍ക്ക് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിക്കുകയും ചെയ്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *