സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12ന്

Spread the love

ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഡിസംബർ 12 നും വോട്ടെണ്ണൽ 13നും നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ (16/11/2023) പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നാളെ മുതൽ 23 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 24ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 27 വരെ പിൻവലിക്കാം.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ പ്രദേശത്തും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. മുനിസിപ്പാലിറ്റികളിൽ ഉപതിരഞ്ഞെടുപ്പുള്ള വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടമുള്ളത്.നാമനിർദേശ പത്രികയ്‌ക്കൊപ്പം കെട്ടിവയ്‌ക്കേണ്ട തുക ജില്ലാ പഞ്ചായത്തിൽ 5000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ 4000 രൂപയും ഗ്രാമപഞ്ചായത്തിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അവയുടെ പകുതി തുക മതിയാകും.ഉപതിരഞ്ഞെടുപ്പിനുവേണ്ടി അന്തിമ വോട്ടർപട്ടിക 14/11/2023 ന് പ്രസിദ്ധീകരിച്ചു. 33 വാർഡുകളിലായി നാല് പ്രവാസി വോട്ടർമാർ ഉൾപ്പെടെ ആകെ 1,43,345 വോട്ടർമാരുണ്ട്. 67,764 പുരുഷന്മാരും 75,581 സ്ത്രീകളും അതിൽ ഉൾപ്പെടും. കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും പട്ടിക ലഭ്യമാണ്.തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ രാജിയോ മരണമോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവ് നികത്തുന്നതിനാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. പതിന്നാല് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് വാർഡിലും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലും ഇരുപത്തിന്നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പിനായി ആകെ 192 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *