അതിഥി തൊഴിലാളികളുടെയും അവരുടെ കുട്ടികളുടെയും സുരക്ഷയും സംരക്ഷണവുമായി ബന്ധപ്പെട്ട് എറണാകുളം കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു. അതിഥി തൊഴിലാളികളുടെ എല്ലാ പരാതികൾക്കും പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു.അതിഥി തൊഴിലാളികളുടെയും കുടുംബത്തിന്റെയും ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്നും സാമ്പത്തിക ഇടപാടുകൾക്കായി എല്ലാവരും ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നു.കുന്നത്തുനാട്, ആലുവ താലൂക്കുകളിലെ അതിഥി തൊഴിലാളികളുടെ പരാതികൾ പരിഹരിക്കുന്നതിനായി ഡിസംബർ 17ന് അദാലത്ത് സംഘടിപ്പിക്കും. ലേബർ ഡിപ്പാർട്ട്മെന്റിന്റെ ഫെസിലിറ്റേഷൻ സെന്റർ, ലീഗൽ സർവീസ് സൊസൈറ്റി, അക്ഷയ കേന്ദ്രങ്ങൾ എന്നിവ മുഖേന ഡിസംബർ 10 വരെ പരാതികൾ സമർപ്പിക്കാം.അദാലത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി ലഹരി ഉപയോഗം, എയ്ഡ്‌സ്, പോക്സോ എന്നീ വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ എം.എസ്. മാധവിക്കുട്ടി, ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി രഞ്ജിത്ത് കൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.