500 കോടിയുടെ മാമാങ്കം നവകേരള സദസ് ചങ്ങാത്ത മുതലാളിമാര്‍ക്കുവേണ്ടിയെന്ന് കെ സുധാകരന്‍ എംപി

Spread the love

ഒരു കോടിയിലധികം രൂപയ്ക്കു വാങ്ങിയ ബെന്‍സ് ലക്ഷ്വറി കോച്ചിലെത്തി, ചങ്ങാത്ത മുതലാളിമാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന നവകേരള സദസില്‍ പാവപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും സ്ഥാനമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.ജനങ്ങള്‍ക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ് മുഖ്യമന്ത്രിയുടെ നവകേരള സദസിന്റെ പേരിലുള്ള യാത്ര. അന്തസ്സും അഭിമാനവുമുണ്ടെങ്കില്‍ ധൂര്‍ത്ത്

അവസാനിപ്പിക്കാന്‍ തയ്യാറാകാണം. ജനങ്ങളെക്കാള്‍ സ്വന്തം കുടുംബത്തോട് മാത്രമാണ് മുഖ്യമന്ത്രിക്ക് ആഭിമുഖ്യമുള്ളത്.മുഖ്യമന്ത്രി ആരുടെയും പരാതികള്‍ നേരിട്ടു സ്വീകരിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കത്തില്‍ വീര്‍പ്പുമുട്ടുന്ന തദ്ദേശസ്ഥാപനങ്ങളെയും സഹകരണസംഘങ്ങളെയും ജനങ്ങളെയും പിഴിഞ്ഞ് പിണറായി വിജയനുവേണ്ടി നടത്തുന്ന പിആര്‍ എക്സര്‍സൈസ് മാത്രമാണ് ഈ പരിപാടി.

മന്ത്രിസഭായോഗം (File Photo PTI)

1.05 കോടി ചെലവിട്ട് അത്യാഢംബര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ബെന്‍സ് ബസിലാണ് മുഖ്യമന്ത്രിയുടെ വരവ്. തദ്ദേശസ്ഥാപനങ്ങള്‍ 50000 മുതല്‍ 3 ലക്ഷം വരെയും സഹകരണ സംഘങ്ങള്‍ ഒരു ലക്ഷം മുതല്‍ 5 ലക്ഷം വരെയും നല്കണം. 1200 തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ശരാശരി രണ്ടുലക്ഷം വച്ച് മിനിമം 24 കോടിയെങ്കിലും സമാഹരിക്കും. 12894 സഹകരണ സംഘങ്ങളില്‍ നിന്ന് ശരാശരി മൂന്നു ലക്ഷംവച്ച് 386 കോടിയാണ് പിരിക്കുന്നത്. രണ്ടിടങ്ങളില്‍നിന്നായി പിരിക്കുന്ന 410 കോടിക്കു പുറമെയാണ് വ്യാപകമായ തോതിലുള്ള സ്പോണ്‍സര്‍ഷിപ്പ് പരിപാടികള്‍. 500 കോടിയുടെ മാമാങ്കമാണ് പിണറായി വിജയന്റെ നവകേരള സദസെന്ന് നിസംശയം പറയാം.

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ 500 ഓളം പോലീസുകാരെയാണ് നിയോഗിച്ചരിക്കുന്നത്. ഇതിന് പുറമെ 120 പേരടങ്ങുന്ന ഉന്നതോദ്യോസ്ഥ സംഘം, മന്ത്രിമാരുടെ പരിവാരങ്ങള്‍ തുടങ്ങിയവര്‍ക്ക് സൗകര്യമൊരുക്കാനും വലിയൊരു തുകവേണ്ടി വരും. നവകേരള സദസില്‍ ജനരോഷം തണുപ്പിക്കാന്‍ കുടിശിക കിടന്ന കുറെ ആനുകൂല്യങ്ങള്‍ നല്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി എന്നതാണ് ഈ പരിപാടികൊണ്ടു ജനങ്ങള്‍ക്കുള്ള ഗുണം. അതേസമയം, ക്ഷേമപെന്‍ഷന്‍കാരുടെ മൂന്നു ഗഡു ക്ഷാമബത്തയും സര്‍ക്കാര്‍/ പെന്‍ഷന്‍ ജീവനക്കാരുടെ 6 ഗഡു ക്ഷാമബത്തയും ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ കുടിശിക കിടക്കുന്നു. ജീവനക്കാരുടെ കുടിശിക കൊടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അന്ത്യശാസനം നല്കിയിരിക്കുകയാണ്.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയെ കഠിനമായി ആക്ഷേപിക്കുകയും അതില്‍ പങ്കെടുക്കാനെത്തിയ പാവപ്പെട്ടവരെ കായികമായി വരെ ആക്രമിക്കുകയും ചെയ്ത സിപിഎം ഇപ്പോള്‍ അതേ പരിപാടി വികലമായ രീതിയില്‍ നടപ്പാക്കാനാണ് രംഗത്തുള്ളത്. അവിടെ പാവപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും മാത്രമായിരുന്നു സ്ഥാനമെങ്കില്‍ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി അവരെ വള്ളപ്പാടകലെ നിര്‍ത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടി വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണിയാണെന്നും ഐക്യരാഷ്ട്രസംഘടനയുടെ അവാര്‍ഡ് തട്ടിപ്പാണെന്നും പറഞ്ഞുപരത്തി. ഇതെല്ലാം കഴിഞ്ഞിട്ട് ഇപ്പോള്‍ പേരിനൊരു ജനസമ്പര്‍ക്ക പരിപാടിയുമായി സിപിഎം രംഗത്തുവന്നത് അപഹാസ്യമാണ്.

ഉമ്മന്‍ ചാണ്ടി പതിനെട്ടും ഇരുപതും മണിക്കൂര്‍ ജനമധ്യത്തില്‍ ഉണ്ണാതെ ഉറങ്ങാതെ കണ്ണിമചിമ്മാതെ ഈ പരിപാടി നടത്തിയത് ജനങ്ങളോട് അഗാധമായ സ്നേഹവും കരുതലും ഉള്ളതുകൊണ്ടായിരുന്നു. പല ജന്മമെടുത്താലും ഇത്തരമൊരു പരിപാടി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനു സാധിക്കില്ല. പ്രമുഖരുമായി കൂടിക്കാഴ്ചയും ഭക്ഷണവുമൊക്കെയായി പഞ്ചനക്ഷത്ര പരിപാടിയായിട്ടാണ് സിപിഎം ഇതു നടത്തുന്നത്. പരമാവധി പിരിവു നടത്താന്‍ പാര്‍ട്ടിക്കാര്‍ക്ക് അവസരം നല്കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *