.
മന്ത്രി പി. രാജീവ് മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയതലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ദേശീയ സരസ് മേള ഡിസംബര്‍ 21 മുതല്‍ 2024 ജനുവരി 1 വരെ കൊച്ചിയില്‍ നടക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാദേശിക സംരംഭകരുടെ ഉല്‍പ്പന്നങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണന ഭക്ഷ്യ സാംസ്‌കാരിക കലാ മേളയായ സരസ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുന്നത്. സരസ് മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയില്‍ സംഘടിപ്പിക്കുന്ന മേള ചരിത്രസംഭവമായി മാറുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായുള്ള കൂട്ടായ പരിശ്രമം എല്ലാവരുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സരസ് മേളയുടെ പ്രമോ വീഡിയോയും, പോസ്റ്ററും മന്ത്രി പ്രകാശനം ചെയ്തു. അഡ്വ. പി.വി. ശ്രീനിജിന്‍ എംഎല്‍എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രാദേശിക ഉത്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഇത്തരം മേളകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ എന്‍. എസ്. കെ. ഉമേഷ് പദ്ധതി വിശദീകരണം നടത്തി. ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ചായിരിക്കണം മേളയുടെ സംഘാടനമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
ഇതോടൊപ്പം വിവിധ ജില്ലാതല ഉദ്യോഗസ്ഥരെയും കുടുംബശ്രീ ഉദ്യോഗസ്ഥരെയും സിഡിഎസ് ചെയര്‍പേഴ്‌സണമാരെയും അക്കൗണ്ടന്റ് മാരെയും ഉള്‍പ്പെടുത്തി ഇന്‍ഫ്രാക്ചര്‍ & സ്റ്റേജ് കമ്മിറ്റി, രജിസ്‌ട്രേഷന്‍ & റിസപ്ഷന്‍ കമ്മിറ്റി, പ്രോഗ്രാം & കള്‍ച്ചറല്‍ കമ്മിറ്റി, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി, ഫിനാന്‍സ് കമ്മിറ്റി, അക്കോമഡേഷന്‍ & ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി, ഫുഡ് കമ്മിറ്റി, ലോ & ഓര്‍ഡര്‍ മെഡിക്കല്‍ വോളണ്ടിയേഴ്‌സ് കമ്മിറ്റി, ഹെല്‍ത്ത്, സാനിറ്റേഷന്‍ & ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി എന്നീ 9 സബ് കമ്മിറ്റികളും രൂപീകരിച്ചു.ദേശീയ സരസ് മേള കൊച്ചി എഡിഷന്‍ കാര്യക്ഷമമായും വര്‍ണ്ണാഭമായും ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ വിവിധ നിര്‍ദേശങ്ങള്‍ നല്‍കി.