കാസർകോട് ജില്ലയിലെ ടൂറിസം മേഖല മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. നവകേരള സദസ്സിന്റെ രണ്ടാം ദിവസം ഞായറാഴ്ച കാസർകോട് റസ്റ്റ് ഹൗസിൽ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാസർകോട് ജില്ലയിലെ ടൂറിസം മേഖലകൾ സംസ്ഥാനത്തെ ടൂറിസം ഭൂപടത്തിൽ പ്രാധാന്യമർഹിക്കുന്നവയാണ്. മികച്ച രീതിയിൽ തന്നെ അവ മെച്ചപ്പെടുത്തുന്ന നടപടികൾ ഉണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ അത്ര വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം ഇന്ന് ഉള്ളംകൈയിലാണ്. വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠനാവശ്യത്തിനായി പോകുന്നത് കേരളമുൾപ്പെടുന്ന മിക്ക സംസ്ഥാനങ്ങളിലുമുള്ള പ്രവണതയാണ്. നമുക്ക് ചെയ്യാനുള്ളത് നമ്മുടെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുക എന്നുള്ളതാണ്. ആധുനികമായ കോഴ്സുകളും മെച്ചപ്പെട്ട സൗകര്യങ്ങളും മറ്റും ഉറപ്പാക്കിയാൽ കുട്ടികൾ ഇവിടെ തന്നെ പഠിക്കും. ഇത് മാത്രമല്ല മറ്റു സ്ഥലത്തെ കുട്ടികളും ഇങ്ങോട്ടേക്ക് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് എച്ച്.എ.എല്ലിന്റെ ഏറ്റെടുത്ത ഭൂമിയിൽ ഭാവിയിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കും. ഇക്കാര്യത്തിൽ കേന്ദ്ര സഹായം കൂടി ഉണ്ടാവേണ്ടതുണ്ട്. കാർഷിക ഉൽപ്പന്നങ്ങൾ കൃത്യമായി സംഭരിക്കാനും സൂക്ഷിക്കാനും അവ സമയത്തിന് വിപണിയിൽ എത്തിക്കാനും കയറ്റുമതി ചെയ്യാനുമുള്ള എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടന്നു വരികയാണ്. ഇതോടൊപ്പം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണവും നടക്കുന്നു.
ആരോഗ്യമേഖലയിൽ കൂടുതൽ ആളുകൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ സ്പോർട്സ് ഹോസ്റ്റൽ ഇല്ലാത്ത പ്രശ്നം പരിഹരിക്കും. നമ്മുടെ വിദ്യാർത്ഥികൾ ഇവിടെ നല്ല രീതിയിൽ വിദ്യാഭ്യാസം ചെയ്യുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ ഇന്റർവ്യൂവിൽ പിന്തള്ളപ്പെട്ടു പോകുന്ന അവസ്ഥയുണ്ട്. അത് മനസ്സിലാക്കി ഇന്റർവ്യൂവിൽ മികവ് പ്രകടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുടുംബശ്രീയെ ശക്തിപ്പെടുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കും.
പ്രഭാതഭക്ഷണത്തിന് മുഖ്യമന്ത്രിക്കൊപ്പം ചിൻമയാനന്ദ മിഷൻ, കേരള റീജീയണൽ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി, കാസർകോട് ചെർക്കള മാർത്തോമ ബധിര വിദ്യാലയത്തിലെ അഡ്മിനിസ്ട്രേറ്റർ ഫാദർ മാത്യു ബേബി, കേരള മുസ്ലിം ജമാഅത്തിനെ പ്രതിനിധീകരിച്ച് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, റിട്ട ഐ.എ.എസ് ഓഫീസറും കാസർകോട് സ്വദേശിനിയുമായ ഡോ. പി.കെ ജയശ്രീ, വ്യവസായ പ്രമുഖനായ എൻ.എ അബൂബക്കർ ഹാജി, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ ഉണ്ടായിരുന്നു.
കൃഷി, തദ്ദേശ സ്വയംഭരണം, സഹകരണം എന്നീ വകുപ്പുകളുടെ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ സാധ്യമാക്കിയാൽ വലിയ മാറ്റങ്ങൾ സാധ്യമാകും എന്ന് ഡോ. പി.കെ ജയശ്രീ പറഞ്ഞു. കാസർകോട് ജില്ലയിലെ ഉദ്യോഗസ്ഥ ക്ഷാമം ഒഴിവാക്കാൻ കഴിയണമെന്നും അവർ പറഞ്ഞു. ഭരണ കർത്താക്കൾ പൊതു ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങി വന്നു അവരുടെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്ന വലിയ കാൽവെപ്പിന് സ്വാമി വിവിക്താനന്ദ സരസ്വതി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിച്ചു. വേദനിക്കുന്നവരെയും പാർശ്വവത്കരിക്കപ്പെട്ട വരെയും ചേർത്ത് പിടിക്കാൻ മന്ത്രിമാർക്ക് സാധിക്കട്ടെയെന്ന് ഫാദർ ബേബി മാത്യു ആശംസിച്ചു. സ്വാശ്രയ കോളേജുകൾക്കും വിദ്യാലയങ്ങൾക്കും ബന്ധപ്പെട്ട അംഗീകാരം നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്ന് പള്ളങ്കോട് അബ്ദുൽഖാദർ മദനി പറഞ്ഞു. വിദ്യാനഗർ-നായന്മാർമൂല വരെയുള്ള സ്കൂൾ കോളേജ് വിദ്യാർഥികൾക്കായി വീതി കൂടിയ സർവീസ് റോഡുകളും ഫ്ളൈ ഓവറുകൾ ആവശ്യമാണെന്നും എൻ.എ അബൂബക്കർ ഹാജി ചൂണ്ടിക്കാട്ടി.
28 ഓളം പേരാണ് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മുഖ്യമന്ത്രിയുമായി നേരിൽ പങ്കുവെച്ചത്. ഇവരിൽ എഴുത്തുകാരൻ ഇ.പി രാജഗോപാലൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ പി. ടി ഉഷ, ഉണ്ണികൃഷ്ണൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം സുരേഷ്, പി.പി സമീർ, ട്രാൻസ്ജെൻഡർ പ്രതിനിധി ഇഷ കിഷോർ, ഇതര സംസ്ഥാന വ്യവസായി വിജയ് അഗർവാൾ, നാട്ടുവൈദ്യൻ കണ്ണൻ വൈദ്യർ, ഡോ. വൈ എസ് മോഹൻകുമാർ, ഇന്ത്യൻ വോളി താരം അഞ്ജു ബാലകൃഷ്ണൻ, കമാൻഡർ (റിട്ട) പ്രസന്ന ഇടയില്ല്യം, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ കെ.പി ജയരാജൻ, കണ്ണൂർ യൂണിവേഴ്സിറ്റി മഞ്ചേശ്വരം ക്യാമ്പസ് ഡയറക്ടർ ഷീന ഷുക്കൂർ, ശാസ്ത്രജ്ഞനായ ഡോ.എം.ഗോവിന്ദൻ എന്നിവർ ഉൾപ്പെടുന്നു.