തൃശൂർ ജില്ലയിലെ പുതുക്കാട്, ഇരിങ്ങാലക്കുട, നാട്ടിക മണ്ഡലങ്ങളില്‍ നവ കേരള സദസ്സ് നടക്കുന്ന വേദികള്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, തൃശ്ശൂര്‍ റൂറല്‍ പോലീസ് മേധാവി നവനീത് ശര്‍മ്മ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദര്‍ശിച്ചു. പുതുക്കാട് നവകേരള സദസ്സ് ഒരുങ്ങുന്ന തലോര്‍ ദീപ്തി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പുതുക്കാട് സദസ്സിനോട് അനുബന്ധിച്ച് പൊതു ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിന് 25 ഓളം കൗണ്ടറുകള്‍ സ്ഥാപിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഒപ്പം മെഡിക്കല്‍, പോലീസ് ഔട്ട് പോസ്റ്റുകള്‍ക്ക് സ്ഥലം കണ്ടെത്തുകയും നിലവിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു.കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ഷീലാ മനോഹരന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എന്‍. മനോജ്, ഇ.കെ. അനൂപ്, ടി.എസ്. ബൈജു, ഡെപ്യൂട്ടി കളക്ടറും (ദുരന്തനിവാരണം) വര്‍ക്കിംഗ് കണ്‍വീനറുമായ ഡോ. റെജില്‍, ഡിവൈഎസ്പി ടി.എസ്. സിനോജ്, തലോര്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ആന്റണി വേലത്തിപ്പറമ്പില്‍, സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇരിങ്ങാലക്കുട നവകേരള സദസ്സ് നടക്കുന്ന ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ മൈതാനത്ത് നടത്തിയ സന്ദര്‍ശനത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനും മറ്റു സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും കളക്ടര്‍ ഉറപ്പുവരുത്തി. നവ കേരള സദസ്സ് കണ്‍വീനര്‍ ഇരിങ്ങാലക്കുട ആര്‍ഡിഒ എം.കെ. ഷാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ കെ. ശാന്തകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ജോസ് ജെ. ചിറ്റിലപ്പള്ളി, കെ.എസ്. തമ്പി, ടി.വി. ലത, കെ.ആര്‍. ജോജോ, ഇന്‍സ്പെക്ടര്‍ അനീഷ് കരീം തുടങ്ങിയവര്‍ കളക്ടറോടൊപ്പമുണ്ടായിരുന്നു.
നാട്ടിക നിയോജകമണ്ഡലം നവ കേരള സദസ്സിന് വേദിയാകുന്ന തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഗ്രൗണ്ടിലും സന്ദര്‍ശനം നടത്തി. മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും സി.സി മുകുന്ദന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ കളക്ടറും സംഘവും വിലയിരുത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. അഹമ്മദ്, സംഘാടക സമിതി കണ്‍വീനര്‍ പി.ആര്‍. ജയചന്ദ്രന്‍, പൊതുമരാമത്ത് തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരും കലക്ടറോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.