കൊച്ചി: ‘ക്ളാസിക് ഇംപീരിയൽ’ ഉദ്ഘാടനം ചെയ്തതോടെ ഒരുങ്ങിയത് ആഡംബര സൗകര്യങ്ങളുടെ അകമ്പടിയിൽ കായലോളങ്ങളിലൂടെ കടൽപ്പരപ്പിലേക്ക് സമാനതകളില്ലാത്ത ഉല്ലാസയാത്ര. കേരളത്തിൽ നിർമ്മിച്ച ഏറ്റവും വലിയ ആഡംബര യാത്രാ നൗകയായ ക്ളാസിക് ഇംപീരിയലിൽ 150 പേർക്ക് ഒരേസമയം സഞ്ചരിക്കാനാകും.
ഐ ആർ എസ് (ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗ്) സുരക്ഷാ നിബന്ധനകൾ പാലിച്ച് സർട്ടിഫിക്കേഷനോടെ 50 മീറ്റർ നീളവും 11 മീറ്റർ വീതിയും 10 മീറ്റർ ഉയരവുമുണ്ട് നൗകയ്ക്ക്. വിവാഹ ചടങ്ങുകൾ മുതൽ കമ്പനി കോൺഫറൻസുകൾക്ക് വരെ ഉപകാരപ്പെടുന്ന വിധമാണ് ഇംപീരിയൽ ക്ളാസിക്കിന്റെ രൂപകൽപന. സെൻട്രലൈസ്ഡ് എസി, ഡിജെ ബൂത്തുകൾ, ഓപ്പൺ ബാത്ത്, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഡൈനിങ് ഏരിയ, വിശാല ഹാൾ, ഗ്രീൻ റൂം, വിശ്രമമുറി, എന്നിവയെല്ലാം ഉൾക്കൊളിച്ചിരിക്കുന്നു.
നിയോ ക്ലാസിക് ക്രൂയിസ് ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വല്ലാർപാടം സ്വദേശി നിഷിജിത്ത് കെ ജോൺ സ്വന്തം നിലയ്ക്ക് സാക്ഷാത്കരിച്ച ‘ക്ലാസിക് ഇംപീരിയൽ’ നൗകയുടെ നിർമ്മാണം 2020 മാർച്ചിലാണ് ആരംഭിച്ചത്. വാടകയ്ക്കെടുത്ത ബോട്ടുമായി കായൽ ടൂറിസം രംഗത്തിറങ്ങിയ നിഷിജിത്ത് രാമൻതുരുത്തിൽ പോർട്ട് ട്രസ്റ്റിന്റെ സ്ഥലം 1.20 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കെടുത്താണു നിർമാണകേന്ദ്രം ഒരുക്കിയത്. കോവിഡ് കാലം നിർമ്മാണത്തിൽ മന്ദഗതിക്ക് കാരണമായി.
യാർഡുകളിൽ നൗകയുടെ നിർമ്മാണത്തിന് വൻതുക വേണ്ടിവരുമെന്ന സാഹചര്യത്തിലാണ് നിഷിജിത്ത് സ്വന്തം നിലയ്ക്ക് നിർമ്മാണ സംരംഭത്തിന് തുനിഞ്ഞത്. വിനോദസഞ്ചാരമേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകും സംരംഭമെന്നു നിഷിജിത്ത് കെ ജോൺ പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ: ആഡംബര നൗക ‘ക്ളാസിക് ഇംപീരിയൽ’ കേന്ദ്ര ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു. നടൻ ടിനി ടോം, ബി ജെ പി ജില്ലാ പ്രസിഡന്റ് കെ എസ്സ് ഷൈജു, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, കെ പി സി സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, മേയർ അഡ്വ. എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, നിയോ ക്ലാസിക് ക്രൂയിസ് ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷിജിത്ത് കെ ജോൺ എന്നിവർ സമീപം.
Akshay Babu