കഴിഞ്ഞ ഏഴര വർഷത്തിനിടെ കേരളത്തിന് ലഭിക്കേണ്ട 1, 07500 കോടിയിലധികം രൂപയാണ് കേന്ദ്രം നല്കാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ചേർത്തല മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ കടമെടുപ്പ് പരിധിയിലും കുറവ് വരുത്തിയിരിക്കുകയാണ്. ഇത് ഭരണഘടനയുടെ ലംഘനവും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാന നിയമസഭയുടെ അധികാരം കവരുന്ന നടപടിയാണ്. ഈ ഭരണഘടന വിരുദ്ധമായ നടപടിയെയാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുന്നത്.കടമെടുക്കുന്നത് കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായാണ്. 2016ൽ 76, 69544 കോടിയായിരുന്നു രാജ്യത്തിന്റെ കട ബാധ്യത. 2021ൽ ഇത് 1,21, 91608 കോടിയായി. കേന്ദ്രസർക്കാർ എടുക്കുന്ന കടം എന്തിനുവേണ്ടിയാണ് വിനിയോഗിക്കുന്നത് എന്ന് സംബന്ധിച്ച് വ്യക്തതയില്ല. കടമായ ലഭിച്ച പണത്തിലൂടെ എന്ത് മേന്മയാണ് രാജ്യത്തിന് ലഭിച്ചത്. 2013 ൽ ആഗോള വിശപ്പ് സൂചികയിൽ 55ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2023ല് 111-ാം സ്ഥാനത്തായി. ജനങ്ങളുടെ ഹാപ്പിനസ് ഇൻഡക്സിൽ 2013 ൽ 111-ാംസ്ഥാനത്തായിരുന്ന ഇന്ത്യ 2023 ൽ 136 ാം സ്ഥാനത്തെത്തി. സമ്പന്നരെ
അതിസമ്പന്നരാക്കുകയും പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരാക്കുകയും ചെയ്യുന്ന നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.എന്നാൽ ബദൽ സാമ്പത്തിക നയങ്ങളിലൂടെ വലിയ വികസനമാണ് കേരളം കൈവരിക്കുന്നത്. ദരിദ്രാവസ്ഥ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിൽ 0.7% മാത്രമാണ് പരമ ദരിദ്രരുള്ളത്. അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിന് കൃത്യമായ പദ്ധതിയും സംസ്ഥാന സർക്കാർ നടപ്പാക്കുന്നു. 2025 നവംബർ ഒന്നിന് കേരളത്തിൽ പരമ ദാരിദ്ര്യത്തിൽ കഴിയുന്ന ഒരാൾ പോലും ഉണ്ടാകില്ല എന്ന് ഉറപ്പിച്ചുള്ള നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്.കേരളത്തിന്റെ തനത് വരുമാനത്തിൽ വലിയ വർദ്ധനയുണ്ടായി. ആഭ്യന്തര വരുമാനവും പ്രതിശീർഷ വരുമാനവും വർദ്ധിച്ചു. എന്നിട്ടും കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കേന്ദ്രനികുതി വിഹിതത്തിലെ കുറവും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനാലുമാണ്. റവന്യൂ കമ്മിയുടെ ഭാഗമായി ലഭിക്കേണ്ട ഗ്രാന്റും വലിയതോതിൽ കുറയുകയാണ്. നികുതി വിഹിതം വീതം വയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ സുതാര്യമായല്ല പ്രവർത്തിക്കുന്നത്. സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതത്തിന്റെ കുറവും കൂടുതലും സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് പോലും വ്യക്തതയില്ല. ഇവയെല്ലാം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് നവകേരള സദസ്സ് സംഘടിപ്പിച്ചതെന്നും സദസ്സ് ബഹിഷ്കരിക്കുന്ന സമീപനമാണ് പ്രതിപക്ഷ കക്ഷികൾ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.