നെൽകർഷകരുടെ പിആർഎസ് വായ്പയെക്കുറിച്ച് അനാവശ്യമായ പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറവിലങ്ങാട് നടന്ന പ്രഭാതയോഗത്തിൽ ചോദ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും മറുപടി നൽകുകയായിരുന്നു അദ്ദേഹം. വായ്പാ ബാധ്യത കർഷകനല്ല സർക്കാരിനാണെന്നും മറ്റേതെങ്കിലും തരത്തിൽ വായ്പ എടുക്കുന്നതിൽ കർഷകന് യാതൊരു തടസ്സവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി.ആർ.എസ് വ്യവസ്ഥ പ്രകാരമുള്ള ത്രികക്ഷി കരാർ കർഷകന് കടബാധ്യതയായി നിൽക്കുന്നതിനാൽ മറ്റ് ബാങ്ക് ഇടപാടുകളിൽ പ്രതിസന്ധി നേരിടുന്നുമെന്ന ആശങ്കയ്ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.സ്കൂളുകളിൽ വായന നിർബന്ധമാക്കുന്ന കാര്യം സർക്കാർ ഗൗരവതരമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. വായന സ്കൂൾ കരിക്കുലത്തിന്റെ ഭാഗമാക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഉന്നതവിദ്യാഭ്യാസത്തിന്റെ നവീകരണത്തിനാണു മുൻഗണന കൊടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീങ്ങുന്നത്. നിലവിലുള്ള പ്രശ്നങ്ങൾ സർക്കാർ പരിഹരിച്ച് ലാബുകളും ലൈബ്രറികളും പോലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. വിദേശരാജ്യങ്ങളിലെ പോലെ ഈ സൗകര്യങ്ങൾ വിദ്യാർഥികൾക്ക് എപ്പോഴും ഉപയോഗിക്കാനാകാവുന്ന തരത്തിലുള്ള മാറ്റമാണ് ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ മാറ്റം സംബന്ധിച്ചു പഠനങ്ങൾ നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.