കാഴ്ച്ചപരിമിതരുടെ ക്രിക്കറ്റ് : നാഗേഷ് ട്രോഫി മത്്സരങ്ങള്‍ 18മുതല്‍

Spread the love

കൊച്ചി: കാഴ്ച്ചപരിമിതരുടെ അന്തര്‍ സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ നാഗേഷ് ട്രോഫിയുടെ കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് സി മത്സരങ്ങള്‍ തിങ്കളാഴ്ച്ച കൊച്ചിയില്‍ ആരംഭിക്കും. ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 17) വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ നടക്കും. ഇന്ത്യന്‍ വനിതാ ടീമംഗമായ മിന്നുമണി ടൂര്‍ണ്ണമെന്റ് ഉത്ഘാടനം ചെയ്യും. ഈ മാസം 22 വരെയാണ് മത്സരങ്ങള്‍. ടൂര്‍ണമെന്റിന്റെ ആറാം പതിപ്പായ ഇത്തവണ കേരളത്തിനു പുറമെ ബിഹാര്‍, ഝാര്‍ക്കണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ് ടീമുകളാണ് സി ഗ്രൂപ്പ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

സംസ്ഥാനത്ത് നടക്കുന്ന ദേശീയ ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കേരള ടീം ഒരുങ്ങിയതായി സിഎബികെ ചെയര്‍മാന്‍ രജനീഷ് ഹെന്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി കഠിനമായ പരിശീലനമാണ് ടീം നടത്തിയിട്ടുള്ളത് . നാഗേഷ് ട്രോഫിയുടെ ഒരു ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ഇതാദ്യമായാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ജനസൗഹൃദപര സ്ഥാപനം എന്ന നിലയ്ക്ക് ലക്ഷ്യവും മൂല്യങ്ങളും ഒന്നുചേര്‍ന്ന നാഴികകല്ലുകള്‍ താണ്ടാന്‍ സഹായകമായ ബന്ധമായാണ് സിഎബികെയുമായുള്ള കൂട്ടുകെട്ടിനെ കാണുന്നതെന്ന് ടൂര്‍ണ്ണമെന്റിന്റെ സ്പോണ്‍സറായ നാവിയോ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ അജയ് തമ്പി പറഞ്ഞു. പരിമിതികള്‍ക്കിടയിലും ലോകത്തിനു മുന്നില്‍ പ്രത്യേക കഴിവുകള്‍ അവതരിപ്പിക്കുന്നത് പ്രചോദനാത്മകമാണ്. കാഴ്ചപരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന് നാവിയോ പ്രത്യേക താല്പര്യം എടക്കുന്നുണ്ട്. അവരുടെ ഉന്നമനത്തിലും വനിതാ -പുരുഷ ടീമുകളുടെ ശാക്തീകരണത്തിലും നാവിയോ പ്രതിബദ്ധമാണ്. ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെ സന്തോഷവും ആഹ്ലാദവും ആണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളം നാളെ (ഡിസംബര്‍ 18) ബീഹാറിനെയും 19ന് ഒഡീഷയെയും 20ന് ഉത്തര്‍ പ്രദേശിനെയും 21ന് ഝാര്‍ഖണ്ഡിനെയും നേരിടും. അനന്തു ശശികുമാര്‍ ക്യാപ്റ്റനും എന്‍ കെ വിഷ്ണു വൈസ് ക്യാപ്റ്റനുമായി 14 അംഗ ടീമാണ് കേരളത്തിന്റേത്. എം വേണുഗോപാല്‍ , എ വി ബിനീഷ്, ജിബിന്‍ പ്രകാശ്, കെ ബി സായന്ത്, എ മനീഷ്, സച്ചിന്‍ തുളസീധരന്‍, എസ് ശൈലാജ്, സി കെ സദക്കത്തുല്‍ അന്‍വര്‍, എ മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് കമാല്‍, കെ എം ജിനീഷ് എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.

കെ ശിവകുമാര്‍, ഇ ബി ഇസ്മായില്‍, ഷാഹുല്‍ ഹമീദ്, കെ അബ്ദുള്‍ മുനാസ്, കെ പി അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ റിസര്‍വ് താരങ്ങളായി ടീമിലുണ്ട്. പോണ്ടിച്ചേരിയിലും കേരളത്തിലുമായാണ് രണ്ട് മാസത്തെ സെലക്ഷന്‍ ട്രയല്‍സ് നടന്നത്. മൊത്തം 28 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ ആറു വേദികളിലായാണ് നടക്കുന്നത്. കൊച്ചിക്കു പുറമെ ജമ്മു, ഡെറാഡൂണ്‍, ചണ്ടിഗഢ്, കോട്ട, അഗര്‍ത്തല എന്നിവയാണ് മറ്റു വേദികള്‍. സൂപ്പര്‍ 8 മത്സരങ്ങള്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെ നാഗ്പൂരില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരള ക്യാപ്റ്റന്‍ അനന്തു ശശികുമാറും പങ്കെടുത്തു.

കേരള ടീമിനു പ്രചോദനം പകരാന്‍ മ്യൂസിക് ഡയറക്ടറും നടനുമായ മുന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് താരം രാഹുല്‍ രാജ് രചിച്ച് സംഗീതം പകര്‍ന്ന ഗാനം വാര്‍ത്താസമ്മേളനത്തില്‍ പുറത്തിറക്കി.

Photo caption

നാഗേഷ് ട്രോഫി വാര്‍ത്താസമ്മേളനം:
ഇടത്ത് നിന്ന് അജയ് തമ്പി, ചെയര്‍മാന്‍ നാവിയോ ഷിപ്പിങ്ങ് പ്രൈവറ്റ് ലിമിറ്റഡ്, രജനീഷ് ഹെന്റി ചെയര്‍മാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള, അനന്തു ശശികുമാര്‍ കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍.

aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *