ശബരിമല വിമാനത്താവളം മുതൽ പരിസ്ഥിതിസൗഹൃദമായ പത്തനംതിട്ട വരെ ചർച്ച ചെയ്ത് പത്തനംതിട്ട ജില്ലയിലെ നവകേരളസദസ് പ്രഭാതയോഗം. പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാതസദസിലാണ് പത്തനംതിട്ട ജില്ലയുടെ വികസനത്തെക്കുറിച്ചും നവകേരളത്തിന്റെ മുന്നേറ്റത്തെക്കുറിച്ചുമുള്ള നിർദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും മുന്നിൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ ഉന്നയിച്ചത്.
ജില്ലയിലെ ആറന്മുള, തിരുവല്ല, റാന്നി, കോന്നി, അടൂർ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട ഇരുന്നൂറിലേറെപ്പേരാണ് പ്രഭാതയോഗത്തിന്റെ ഭാഗമായി. ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയായ കുളനട പഞ്ചായത്തിനെയും പന്തളം നഗരസഭയെയും ബന്ധിപ്പിക്കുന്ന വയറപ്പുഴ കടവിൽ പാലം യാഥാർഥ്യമാക്കണമെന്ന് സാഹിത്യകാരനായ ബെന്യാമിൻ ആവശ്യപ്പെട്ടു. ഇക്കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി.മാലിന്യപ്രശ്നം സർക്കാർ ഗൗരവകരമായിട്ടാണ് ഇടപെടുന്നതെന്നും ബോധവൽക്കരണശ്രമങ്ങൾ കൊണ്ടു കാര്യമായ മാറ്റമുണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നും വിഷയമുന്നയിച്ച ക്നാനായ സഭ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ ത്രെവാനിയോസിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ശിക്ഷാനടപടികൾ അടക്കമുള്ള കാര്യങ്ങളിലേക്കു സർക്കാർ കടന്നിട്ടുമുണ്ട്. നദികൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വന്നുതുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നല്ലനിലയിൽ മുന്നോട്ടുപോവുകയാണെന്ന് വിഷയമുന്നയിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോർജിനുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. അനുമതികളുടെ കാര്യത്തിൽ തടസമില്ല. കേന്ദ്രസർക്കാരും ഇതുവരെ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സമയബന്ധിതമായിത്തന്നെ എയർപോർട്ട് യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എം.എൽ.എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. പ്രമോദ് നാരായണൻ, അഡ്വ. കെ.യു ജനീഷ് കുമാർ, മുൻമന്ത്രിയും എം.എൽ.എയുമായ ടി.എം. തോമസ് ഐസക്, ജില്ലാ കളക്ടർ എ. ഷിബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ തുടങ്ങി സമൂഹത്തിന്റെ വിവിധതുറകളിൽപ്പെട്ടവർ പ്രഭാതയോഗത്തിൽ പങ്കെടുത്തു.