മുഖ്യമന്ത്രി വാ തുറക്കുന്നതു തന്നെ കള്ളം പറയാന്‍ – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

മുഖ്യമന്ത്രി വാ തുറക്കുന്നതു തന്നെ കള്ളം പറയാന്‍; എസ്.എഫ്.ഐയുടെ കരിങ്കൊടി സമാധാനപരവും കെ.എസ്.യുവിന്റേത് ആത്ഹത്യാ സ്‌ക്വാഡുമെന്ന് വേര്‍തിരിക്കുന്നത് ശരിയല്ല.

 

എടരിക്കോട് (മലപ്പുറം) : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. ദേശീയതലത്തില്‍ ആരോഗ്യമന്ത്രാലയം പറയുന്നത് രാജ്യത്തെ 1800 ല്‍ അധികം കേസുകളില്‍ 1600-ല്‍ അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണെന്നാണ്. നാല് മരണമുണ്ടായി. ഇന്നലെ മാത്രം 111 കേസുകള്‍ പുതുതായി ഉണ്ടായി. രാജ്യത്തെ 89 ശതമാനം കേസുകളും സംസ്ഥാനത്തായിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഒന്നും ചെയ്യാതെ നവകേരള സദസ് തീരാന്‍ വേണ്ടി സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. ജനങ്ങള്‍ പരിഭ്രാന്തിയിലേക്ക് പോകുന്നതിന് മുന്‍പ് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം.

കരിങ്കൊടി കാണിക്കുമ്പോള്‍ ആരെങ്കിലും അക്രമം നടത്താന്‍ ഇറങ്ങിപ്പുറപ്പെടുമോയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നത് വലിയ തമാശയാണ്. കരിങ്കൊടി കാട്ടിയ സ്ഥലങ്ങളിലെല്ലാം പൊലീസ് ക്രിമിനലുകളെയും ഗുണ്ടകളെയും ഉപയോഗിച്ച് കുട്ടികളെ തല്ലിക്കൊല്ലാന്‍ ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ഇത് പറയുന്നത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. പക്ഷെ എസ്.എഫ്.ഐക്കാര്‍ കരിങ്കൊടി കാട്ടിയാല്‍ അത്

സമാധാനപരവും കെ.എസ്.യു കാട്ടിയാല്‍ അത് ആത്ഹത്യാ സ്‌ക്വാഡുമെന്ന് വേര്‍തിരിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ ഗണ്‍മാനും പൊലീസ് ക്രിമിനലുകളും ഗുണ്ടകളും ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത്. മോനെ നീ വിഷമിക്കല്ലേ, ബുദ്ധിമുട്ടല്ലേ എന്നൊക്കെ പറഞ്ഞ് ചേര്‍ത്ത് പിടിച്ചാണ് പൊലീസ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ കൊണ്ടുപോയത്. കുഞ്ഞ് കരായാതിരിക്കാന്‍ ഒരു ഫീഡിങ്

ബോട്ടില്‍ കൂടി കൊടുത്തിരുന്നേള്‍ നന്നായേനെ. സ്വന്തം ആളുകളോടുള്ള പൊലീസിന്റെ ഈ സ്‌നേഹപ്രകടനവും നാട്യവുമെല്ലാം കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നത് മുഖ്യമന്ത്രി മറന്നു പോയി. രണ്ടു രീതിയാണ് കേരളത്തില്‍. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുന്ന കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ക്രിമിനലുകളെ ഉപയോഗിച്ച് തല്ലിച്ചത്. കല്യാശേരി മുതല്‍ പത്തനംതിട്ടവരെ അക്രമമാണ് നടന്നത്. എന്നിട്ടാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആക്രമിക്കുന്നത് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടും കണ്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കുന്നത്? കേരളത്തിന്റെ മുഖ്യമന്ത്രി വാ തുറക്കുന്നതു തന്നെ കള്ളം പറയാന്‍ വേണ്ടിയാണ്. ഗണ്‍മാനും സഫാരിസ്യൂട്ടിട്ട ക്രിമിനലും അടിക്കുന്നത് കേരളത്തില്‍ കാണാത്തത് മുഖ്യമന്ത്രി മാത്രമെയുള്ളൂ. മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്.

സംഘപരിവാര്‍ ആളുകളുടെ പട്ടിക ഗവര്‍ണര്‍ക്ക് നല്‍കുന്നത് സംഘപരിവാര്‍ നേതാവായ സ്റ്റാഫ് അംഗമാണ്. അയാളെ നിയമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും ഒക്കച്ചങ്ങായിമാരായിരുന്നു. ഇപ്പോഴാണോ മുഖ്യമന്ത്രിക്ക് സംഘപരിവാര്‍ വിരുദ്ധബോധമുണ്ടായത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകം പഠിക്കണമെന്ന് നിര്‍ദ്ദേശിച്ചതും സഖാക്കളാണ്. അന്ന് ഇവരുടെയൊക്കെ സംഘപരിവാര്‍ വിരുദ്ധത എവിടെ പോയിരുന്നു. ഇപ്പോള്‍ നടക്കുന്നത് വെറും നാടകമാണ്. ജനങ്ങളാല്‍ വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി മാറി. കേരളത്തിലെ ജനങ്ങള്‍ ഇത്രയും വെറുത്ത ഒരു മന്ത്രിസഭ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ജനങ്ങളുടെ രോഷം മറിച്ചുപിടിക്കാനാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ കാമ്പസിലേക്ക് വിഷയത്തെ കൊണ്ടുപോകുന്നത്. നവകേരള സദസ് എങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിച്ചാല്‍ മതിയെന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ യു.ഡി.എഫ് ശക്തമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ളത് പ്രതിപക്ഷ നേതാവിനെയാണ്. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുമ്പോഴൊക്കെ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒരു പ്രശ്‌നമുണ്ടാകും. സെനറ്റിലേക്ക് യു.ഡി.എഫോ കോണ്‍ഗ്രസോ ആരുടെയും പേര് കൊടുത്തിട്ടില്ല.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *