ജില്ലയിലെ നവകേരളസദസ്സിന് അടൂരില്‍ ഉജ്ജ്വല പരിസമാപ്തി

Spread the love

അടൂരിന്റെ സ്നേഹാദരവുകള്‍ ഏറ്റുവാങ്ങി നവകേരള സദസ്സിന് ജില്ലയില്‍ ഉജ്ജ്വല പരിസമാപ്തി. വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന ജില്ലയിലെ നവകേരളസദസ്സ് പര്യടനം അടൂരില്‍ അവസാനിച്ചു.
ജനബാഹുല്യം കൊണ്ടും വര്‍ണാഭമായ കലാപരിപാടികള്‍ കൊണ്ടും സമ്പന്നമായിരുന്നു അടൂര്‍ മണ്ഡലത്തിലെ നവകേരളസദസ്സ്. ഇന്നലെ(17) വൈകിട്ട് ആറിന് ചടങ്ങ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ജനങ്ങള്‍ അടൂരിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപമുള്ള വൈദ്യന്‍സ് ഗ്രൗണ്ടിലേക്ക് ഒഴുകുകയായിരുന്നു. മന്ത്രിസഭ നേരിട്ട് ജനങ്ങളിലെത്തുന്നത് കാണാനായി ജനങ്ങള്‍ തടിച്ചുകൂടി. മണ്ഡലത്തില്‍ നവകേരള സദസ്സിന്റെ ഭാഗമായി നടന്ന ഓരോ

കലാപരിപാടികളും പ്രചരണപരിപാടികളും ജനസാഗരത്തിന് വിരുന്നൊരുക്കുകയായിരുന്നു. സദസ്സിന് മുന്‍പ് സംഘടിപ്പിച്ച കലാപരിപാടികള്‍ സദസ്സിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കി. മണ്ഡലത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ ഫലം തന്നെയായിരുന്നു സദസ്സില്‍ നിറഞ്ഞ ജനങ്ങളും ആഘോഷാരവങ്ങളും.വേദിയിലേക്ക് ആദ്യമെത്തിയത് ഗതാഗത മന്ത്രി ആന്റണി രാജുവും, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, റവന്യു മന്ത്രി കെ രാജന്‍ എന്നിവരായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ വാഹനം വേദിയിലേക്ക് എത്തിയപ്പോള്‍ സദസ്സ് ഇളകി മറിഞ്ഞു. ആര്‍പ്പുവിളികളും മുദ്രാവാക്യങ്ങളുമായി അടൂര്‍ മണ്ഡലം ഊഷ്മളമായ വരവേല്‍പ്പാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുസ്തകങ്ങളും പൂച്ചെണ്ടുകളുമാണ് ഉപഹാരമായി നല്‍കിയാണ് സദസ്സിലേക്ക് സ്വീകരിച്ചത്.
നവകേരള സദസ്സിനെത്തിയ ജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. സഹായങ്ങള്‍ക്കായി സന്നദ്ധ സേവകരും വൈദ്യസഹായത്തിനായി മെഡിക്കല്‍ ടീമും അക്ഷീണം പ്രവര്‍ത്തിച്ചു. ശുചീകരണത്തിനായി ഹരിതകര്‍മ്മ സേനാംഗങ്ങളും പരിപാടിയിലുടനീളം പങ്കെടുത്തു. പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകള്‍ സുരക്ഷയ്ക്കായി സംവിധാനങ്ങള്‍ ഒരുക്കി. ഹെല്‍പ്പ് ഡെസ്‌ക് ഉള്‍പ്പെടെ ജനങ്ങളില്‍ നിന്നുള്ള നിവേദനങ്ങള്‍ സ്വീകരിക്കാനായി 25 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാര്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, പൊതുവായവ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. മുഴുവന്‍ നിവേദനങ്ങള്‍ സ്വീകരിച്ചുകഴിയുന്നതുവരെയും കൗണ്ടര്‍ പ്രവര്‍ത്തിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *