കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത വളർച്ചയാണ് കഴിഞ്ഞ ഏഴുവർഷങ്ങളിൽ സംസ്ഥാനത്തുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യവും മതേതരത്വവും ഉൾപ്പെടെയുള്ള അടിസ്ഥാന ഭരണഘടനാമൂല്യങ്ങൾ നമ്മുടെ വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലനിർത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഉന്നതവിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്കെത്തുന്ന ഘട്ടത്തിൽ ഈ നിലപാടിണ് വലിയ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർവകലാശാലാ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുകയും ജനാധിപത്യപരമായ പ്രവർത്തനങ്ങളും അക്കാദമിക് സ്വയംഭരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉറപ്പുവരുത്തുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.2016ൽ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഈ നാൾ വരെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ മാത്രം പുതിയ 1278 കോഴ്സുകൾ ആരംഭിച്ചു. ഇതുവഴി 47200ൽ അധികം പുതിയ സീറ്റുകളാണ് സൃഷ്ടിക്കപ്പെട്ടത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനും കഴിഞ്ഞു. നാക് അക്രഡിറ്റേഷനിൽ കേരളസർവകലാശാല എ++, കാലിക്കറ്റ്, കുസാറ്റ് എന്നീ സർവ്വകലാശാലകൾ എ+ ഗ്രേഡുകൾ നേടി. സംസ്ഥാനത്തെ കോളേജുകളിൽ 22 എണ്ണം രാജ്യത്തെ തന്നെ മികച്ച ഗ്രേഡ് ആയ എ++ ഉം 38 കോളേജുകൾ എ+ഉം 60 കോളേജുകൾ എ ഗ്രേഡും നേടി.
ഗണ്യമായ നേട്ടങ്ങൾ സ്വന്തമാക്കി ഉന്നതവിദ്യാഭ്യാസമേഖല മുന്നേറുമ്പോൾ അതിനു തടയിടാൻ വർഗീയശക്തികളും അവയുടെ ദല്ലാളുമാരും ശ്രമിക്കുകയാണ്. അത്തരം നശീകരണ ശ്രമങ്ങൾക്കെതിരെയുള്ള ചെറുത്തു നിൽപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണുന്നത്. നാടിന്റെ ഭാവി പുതിയ തലമുറയിലാണ്. ആ തലമുറയുടെ മസ്തിഷ്കത്തിൽ വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷം കുത്തിവെക്കുന്നവർക്കെതിരെ യോജിച്ച മുന്നേറ്റം ഉണ്ടാവേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.