എല്ലാ ഏകാധിപതികള്‍ക്കും കാലം കാത്തുവയ്ക്കുന്നത് മഹദുരന്തമാണെന്നും പിണറായി വിജയനെ കാത്തിരിക്കുന്നത് അതാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ നിയമിച്ചതിനടക്കം പരിതപിക്കുമെന്നും പിണറായിയുടെ അവസാനം കുറ്റബോധത്തിലായിരിക്കുമെന്നും സുധാകരന് മുന്നറിയിപ്പ് നല്കി.
നവകേരളയാത്രയ്ക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെതിരേ കെപിസിസി സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിജിപി ഓഫീസ് മാര്‍ച്ച് കേരളത്തിന്റെ ജനവികാരമാണ്. ഒരാളെ പോലും നേരില്‍ കാണാതെ എന്ത് ജനസമ്പര്‍ക്ക പരിപാടിയാണ് നടത്തുന്നത്. ചില പ്രമാണികളെ മാത്രമാണ് പിണറായി കാണുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐ യുടെ ഗുണ്ടായിസത്തിനും പോലീസ് കേസിനും ഇരയാവുന്നു. ഇതാണോ ജനാധിപത്യമെന്നും സുധാകരന് ചോദിച്ചു.
വികസനത്തിന് പകരം സംസ്ഥാനത്തിന് കടബാധ്യത ഉണ്ടാക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇതിനൊക്കെ പ്രതികാരം ചെയ്യാതെ കേരളം അടങ്ങില്ലെന്നും അവരെ ഉണര്‍ത്താനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ തുടക്കമാണ് ഈ മാര്‍ച്ചെന്നും സുധാകരന് പറഞ്ഞു.
പ്രതിപക്ഷനേതാവ് വിഡി സതീശന്,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ.ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്, മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന് എംപി,കേരളത്തില്‍ നിന്നുള്ള എഐസിസി ഭാരവാഹികള്‍,കെപിസിസി ഭാരവാഹികള്‍,എംപിമാര്‍,എംഎല്‍എമാര്‍,ഡിസിസി പ്രസിഡന്റുമാര്‍-ഭാരവാഹികള്‍, പോഷക സംഘടനകളുടെയും സെല്ലുകളുടെയും സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലീഡര്‍.കെ.കരുണാകരന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്ച്ചാന നടത്തിയ ശേഷമാണ് ഡിജിപി ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ചു മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.