കഴിഞ്ഞ നവംബർ ഒന്നിന് ആരംഭിച്ച’നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ 2023’ രണ്ടാംഘട്ട ക്യാമ്പെയിൻ ജനുവരി 31 വരെ തുടരുമെന്ന് സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. നിശ്ചയിച്ചതനുസരിച്ച് പദ്ധതി ഡിസംബർ 31 ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് കുടിശികയായവർക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി നീട്ടണമെന്ന സഹകാരികളുടെയും ബാങ്കുകളുടെയും ആവശ്യത്തെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചതെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീർക്കുന്നതിന് ഈ മാസം കൂടി സാധിക്കും. സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക അടച്ചുതീർക്കാനാകും.
മാരകരോഗം ബാധിച്ചവർ, പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളർന്ന് കിടപ്പായവർ ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവർ, ഈ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവർ, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കൾ മരണപ്പെട്ടശേഷം മാതാപിതാക്കൾ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുന്ന കുട്ടികൾ തുടങ്ങിയവരുടെ വായ്പകൾ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീർപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ പദ്ധതി പ്രകാരം പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. അതിദരിദ്ര സർവ്വേ പ്രകാരമുള്ള പട്ടികയിൽ ഉൾപ്പെട്ടവരുടെ രണ്ടുലക്ഷം രൂപവരെയുള്ള വായ്പകൾക്ക് ഇളവ് നൽകുന്നതിനുള്ള വ്യവസ്ഥകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണപ്പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, ഓവർഡ്രാഫ്റ്റ് വായ്പ, ക്യഷ് ക്രെഡിറ്റ് വായ്പ എന്നിവ ഒഴികെയുള്ള എല്ലാതരം കുടിശ്ശികയുള്ള വായ്പകൾക്കും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കും ഇളവ് ലഭിക്കുന്നതിന് അവസരമുണ്ട്.