തിരുവനന്തപുരം : ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച ലോകായുക്ത വിധിക്കെതിരേയുള്ള റിട്ട് ഹർജ്ജി ഹൈക്കോടതി പ്രാഥ മികവാദം കേട്ട ശേഷം ഫയലിൽ സ്വീകരിച്ച നടപടി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.
മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും മന്ത്രിമാർക്കും എതിരേ പ്രാഥമികവാദം കേട്ട ശേഷം നോട്ടീസ് അയയ്ക്കാൻ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ്
മുഖ്യമന്ത്രി പ്രഥമദൃഷ്ടിയിൽ തന്നെ കുറ്റക്കാരനെന്നു തെളിഞ്ഞു. സംസ്ഥാന സർക്കാരിനു പൊതുവിലും മുഖ്യമന്ത്രിക്കു പ്രത്യേകിച്ചും കോടതി തീരുമാനം വലിയ തിരിച്ചടിയാണ്.ഒരു നിമിഷം പോലും പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാൻ അർഹതയില്ല .
ഉന്നത നീതി പീഠത്തിൽ നിന്ന് നിശ്ചയമായും ഹർജിക്ക് അനുകൂല വിധി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ച് തള്ളിയതിനെതിരെ പരാതിക്കാരനായ ആർ.എസ്. ശശികുമാർ ഫയൽ ചെയ്ത റിട്ട് ഹർജ്ജിയാണ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്. മുഖ്യമന്ത്രി, ലോകായുക്ത, മന്ത്രിമാർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായ്,നജസ്റ്റിസ് വി. ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ദുരിതാശ്വാസനിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിക്ക് സാധുത (മെയിന്റനബിലലിറ്റി ) ഉണ്ടെന്നും,നിധിയിൽ നിന്നും തുക അനുവദിച്ചതിൽ ഗുരുതരമായ കൃത്യവിലോപം നടന്നിട്ടുണ്ടെങ്കിലും തുക അനുവദിച്ചതിൽ സ്വജനപക്ഷപാതം നടന്നതായി തെളിയിക്കാനാകാത്തതിനാൽ ഹർജ്ജി നിലനിൽക്കില്ലെന്നുമാണ് ലോകായുക്ത ജസ്റ്റിസ് സിറിയക്ജോസഫിന്റെ വിധിന്യായം. എന്നാൽ ഹർജ്ജിക്ക് സാധുത (മെയിന്റനബിലിറ്റി) തന്നെ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫുൾ ബെഞ്ചിലെ മറ്റ് രണ്ട് ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ-ഉൽ റഷീദും,ജസ്റ്റിസ് ബാബു മാത്യു ജോസഫും ഹർജ്ജി തള്ളിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തിരിമറിയെ കുറിച്ച് താനും ലോകായുക്തയ്ക്കു പരാതി നൽകിയിരുന്ന കാര്യം ചെന്നിത്തല ഓർമിപ്പിച്ചു. എന്നാൽ, മുഖ്യമന്ത്രിക്ക് അനുകൂലമായ നിലപാടാണ് ലോകായുക്ത സ്വീകരിച്ചത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.