തെരുവിലും മൈതാനത്തും പറഞ്ഞാല്‍ കിട്ടാത്ത നീതിക്ക് വേണ്ടിയാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത് – പ്രതിപക്ഷ നേതാവ്

Spread the love

ആലുവ പാലസില്‍ പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനം.

കൊച്ചി : കെ ഫോണ്‍ അഴിമതി സംബന്ധിച്ച ഹര്‍ജി പബ്ലിക് ഇന്ററസ്റ്റാണോ പബ്ലിസിറ്റിയാണോയെന്ന് കോടതി ചോദിച്ചെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരാതിയുമായി കോടതിയെ സമീപിക്കേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ല. പ്രതിപക്ഷമോ പ്രതിപക്ഷ നേതാവോ തെരുവില്‍ പറഞ്ഞാലും അതിനൊരു പബ്ലിസിറ്റിയുണ്ട്. തെരുവില്‍ പറഞ്ഞാലും മൈതാനത്ത് പറഞ്ഞാലും കിട്ടാത്ത നീതിക്ക് വേണ്ടിയാണ് കോടതിയില്‍ പോയത്. കോടതിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞതു പോലെയൊന്നും പറയുന്നില്ല. കേസിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിയാനുള്ള അവകാശം കോടതിയ്ക്കുണ്ട്. എ.ഐ

ക്യാമറ അഴിമതിയും സമാനമായ കാലത്ത് നടന്നതാണ്. അത് സംബന്ധിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. കെ ഫോണ്‍ 2019 ല്‍ ഉണ്ടായതല്ലേയെന്ന് കോടതി ചോദിച്ചിട്ടുണ്ട്. ഇതിന് കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്ന് പറഞ്ഞ് ഏഴ് വര്‍ഷമായിട്ടും അഞ്ച് ശതമാനത്തിന് പോലും നല്‍കിയില്ല. ആയിരം കോടിയുടെ പദ്ധതി ചെലവ് 1500 കോടിയായി വര്‍ധിപ്പിച്ചതില്‍ തന്നെ അഴിമതിയുണ്ട്. സി.എ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഇത്രയും വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടത്. സി.എ.ജി അന്തിമ റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വരും. പദ്ധതി ഇപ്പോഴും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കാലതാമസമെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ധനപ്രതിസന്ധിയുള്ള കേരളത്തില്‍ 1500 കോടിയുടെ പദ്ധതി കൊണ്ടുവന്നിട്ടും 5 ശതമാനത്തിന് പോലും ഗുണം ലഭിച്ചില്ലെന്ന് പറയുന്നത് എന്തോ കുഴപ്പമുണ്ടെന്നതിന്റെ സൂചനയാണ്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

എ.ഐ ക്യാമറിയിലേതു പോലുള്ള അഴിമതിയാണ് കെ ഫോണിലും നടന്നത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എസ്.ആര്‍.ഐ.ടി, പ്രസാഡിയോ കമ്പനികള്‍ രണ്ട് ഇടപാടുകളിലുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ ഗൂഡാലോചനയും അഴിമതിയുമാണ് ഈ പദ്ധതികളില്‍ നടന്നത്. നിലവില്‍ സര്‍ക്കാരിനോട് സത്യവാങ്മൂലം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാതെ കേസ് തള്ളിയിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെ അവഗണന ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇക്കാര്യം രണ്ട് ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ ചില കാര്യങ്ങളില്‍ പ്രതിപക്ഷത്തിനും യോജിപ്പുണ്ട്. യു.ഡി.എഫ് എം.പിമാര്‍ കേന്ദ്ര ധനകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ പെടുത്തിയിട്ടുമുണ്ട്.

കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന നരേറ്റീവാണ് സി.പി.എമ്മും സര്‍ക്കാരും നടത്തുന്നത്. അതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ് കേന്ദ്രാവഗണന. നികുതി ഭരണത്തിലെ കെടുകാര്യസ്ഥത ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സംസാഥാന സര്‍ക്കാരിന്റെ ഭാഗത്തുണ്ട്. ജി.എസ്.ടിക്ക് അനുസൃതമായി നികുതി സംവിധാനം പുനസംഘടിപ്പിക്കാത്തതും നികുതി പിരിവിലെ പരാജയവും ഐ.ജി.എസ്.ടി പൂളില്‍ നിന്നുള്ള വിഹിതം നഷ്ടപ്പെടുത്തുന്നതും ധനപ്രതിസന്ധിക്ക് കാരണമാണ്. ഇത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ പോയി ഒന്നിച്ച് സമരം ചെയ്യണമെന്നതാണ് സര്‍ക്കാരിന്റെ ആവശ്യം. സമരം എന്നത് രാഷ്ട്രീയ ആവശ്യമാണ്. ഇക്കാര്യത്തില്‍ യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം നിലപാട് അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

അയോധ്യയുമായി ബന്ധപ്പെട്ട് സമൂഹമാധ്യങ്ങളില്‍ സംഘപരിവാര്‍ നടത്തുന്ന തെറ്റായ പ്രചരണത്തിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ രാമന്‍ നില്‍ക്കുന്നത് ഹേ റാം എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചു വീണ ബിര്‍ള മന്ദിരത്തിന്റെ ഇടനാഴിയിലാണെന്നാണ് പറഞ്ഞത്. ഇതിനെയാണ് ബി.ജെ.പി ഹാന്‍ഡിലുകള്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. വിദ്വേഷത്തിന്റെ കാമ്പയിനാണ് ബി.ജെ.പി നടത്തുന്നത്. അവര്‍ മാത്രമാണ് ഹിന്ദുക്കളെന്നും വിശ്വാസികളെന്നുമാണ് അവകാശപ്പെടുന്നത്. ക്ഷേത്രത്തില്‍ പോകുന്ന മറ്റാരും ഹിന്ദുക്കളല്ലേ? മതപരമായതും ആരാധനാലയങ്ങളിലുമുള്ള വിശ്വാസവും സ്വകാര്യമായി കൊണ്ടു നടക്കുന്നതാണ്. വിശ്വാസത്തെ വില്‍പനയ്ക്ക് വയ്ക്കുന്നതിനോട് യോജിക്കാനാകില്ല. അതാണ് ബി.ജെ.പി ചെയ്യുന്നത്. അതുകൊണ്ടാണ് അയോധ്യയിലെ യോഗത്തില്‍ പോകേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കിയത് സി.പി.എമ്മുകാരാണ്. വ്യാജ ഐ.ഡി കാര്‍ഡുമായി ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തത് ഡി.വൈ.എഫ്.ഐക്കാരാണ്. പത്തനംതിട്ടയില്‍ 18 സഹകരണ ബാങ്കുകളാണ് വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് പിടിച്ചെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ ഒരു തെളിവുമില്ല.

കരുവന്നൂര്‍ ബാങ്കിലെ ഇ.ഡി അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് വിശ്വാസമില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ അന്വേഷണങ്ങള്‍ പോലെ കരുവന്നൂരിലെ ഇ.ഡി. അന്വേഷണവും മുട്ടില്‍ ഇഴയുകയാണ്. കരുവന്നൂരിലെയും മാസപ്പടിയിലേയും അന്വേഷണങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് സി.പി.എമ്മും സംഘപരിവാറും തമ്മില്‍ അവിഹിത ബാന്ധവമുണ്ടാക്കുന്നതിന് വേണ്ടിയുള്ളതാണ്. സംഘപരിവാര്‍ സഹായത്തിന് പകരമായി കുഴല്‍പ്പണകേസില്‍ സുരേന്ദ്രനെ സി.പി.എമ്മും സഹായിച്ചു. ബി.ജെ.പി കേരളത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നുവെങ്കില്‍ ഈ കേസുകളുമായി മുന്നോട്ട് പോയേനെ. ഇപ്പോള്‍ കേസുകളുമായി മുന്നോട്ട് പോയാല്‍ അതിന്റെ ഗുണം യു.ഡി.എഫിന് കിട്ടും. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വരേണ്ടന്ന നിലപാട് ബി.ജെ.പി സ്വീകരിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് എം.പിമാരുടെ എണ്ണം കുറയ്ക്കുകയെന്നതാണ് ബി.ജെ.പി ലക്ഷ്യം.

പൊലീസ് വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. കണ്ണൂരില്‍ പെണ്‍കുട്ടിയുടെ മുടിയില്‍ ചവുട്ടിയാണ് പൊലീസ് നിന്നത്. ലാത്തി ഉപയോഗിച്ച് കണ്ണില്‍ കുത്തുകയാണ്. ഫോട്ടോഗ്രാഫറുടെ കഴുത്തിന് പിടിച്ച് മാറ്റിയതു പോലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കഴുത്തിന് പിടിക്കുന്നത്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പൊലീസ് കാട്ടുന്നത്. ഞങ്ങളുടെ കുട്ടികളെ നിയമവിരുദ്ധമായി ഉപദ്രവിച്ച ഒരു ഉദ്യോഗസ്ഥനെയും വെറുതെ വിടില്ല. നിയമ നടപടികളുമായി അവര്‍ക്ക് പിന്നാലെയുണ്ടാകും. യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈതന്യം പകരുന്ന സംഘടനകളായി മാറിയിരിക്കുകയാണ്. അതിന് പിണറായി വിജയനോട് നന്ദി പറയുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *