ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തത് ചോദ്യം ചെയ്യുന്നതില്‍ പൊതുതാല്‍പര്യം ഇല്ലെങ്കില്‍ പിന്നെ എന്തിലാണ് പൊതുതാല്‍പര്യമുള്ളത്? – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കണ്ണൂര്‍ ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നീതി തേടി കോടതിയെ സമീപിക്കുമ്പോള്‍ പരിഹസിക്കുന്നതിലൂടെ ഇല്ലാതാകുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം; പിണറായി അഴിമതി നടത്തിയത് കുടുംബത്തിന് വേണ്ടി; അഴിമതിക്കാരനും ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും; കരുവന്നൂര്‍ അഴിമതിയില്‍ മന്ത്രി പി. രാജീവും സി.പി.എമ്മും മന്ത്രിയും മറുപടി പറയണം.

കണ്ണൂര്‍ : കെ ഫോണ്‍ പദ്ധതി ഇതിവരെ പൂര്‍ത്തിയായിട്ടില്ല. എല്ലാവര്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന പദ്ധതിയെ പ്രതിപക്ഷം എതിര്‍ത്തിട്ടില്ല. പിന്നീട് ആയിരം കോടിയുടെ പദ്ധതി ടെന്‍ഡര്‍ ഇല്ലാതെ, മുഖ്യമന്ത്രിയെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയിയാരുന്ന ശിവശങ്കരന്റെ നിര്‍ദ്ദേശപ്രകാരം 1500 കോടി രൂപയാക്കി. അപ്പോള്‍ പ്രതിപക്ഷം അതിനെ ചോദ്യം ചെയ്തു. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്ന് പറഞ്ഞ പദ്ധതിയില്‍ 5 ശതമാനം പേര്‍ക്ക് പോലും ഗുണം

ലഭിച്ചില്ല. സി.എ.ജിയുടെ പ്രഥമിക റിപ്പോര്‍ട്ടിലും കെ ഫോണില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്.ഇ.ബി സി.എ.ജിക്ക് നല്‍കിയ രേഖകള്‍ പുറത്ത് വന്നപ്പോഴാണ് കെ ഫോണില്‍ ഗുരുതര അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമായത്. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ബന്ധപ്പെട്ട രണ്ട് കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമായി. ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് നിയമസഭയിലും പുറത്തും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. ആ ആരോപണങ്ങളെ കുറിച്ച് സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. സമാനമായ അഴിമതി നടന്ന എ.ഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ഞാനും രമേശ് ചെന്നിത്തലയും നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ച് നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനു

പിന്നാലെയാണ് കൃത്യമായ രേഖകള്‍ സഹിതം കെ ഫോണ്‍ പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്. അത് എങ്ങനെയാണ് പബ്ലിസിറ്റി ഇന്ററസ്റ്റാകുന്നത്? മാധ്യമങ്ങളോടും പൊതുയോഗത്തിലും സംസാരിച്ചില്‍ പബ്ലിസിറ്റി കിട്ടും. അല്ലാതെ കോടതിയില്‍ പോയാല്‍ എങ്ങനെയാണ് പബ്ലിസിറ്റി കിട്ടുന്നത്. അഭിഭാഷകന്‍ എന്ന നിലയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും ഭരണഘടനയും എന്താണെന്ന് എനിക്ക് അറിയാം. ഭരണകൂടങ്ങളില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ നീതി കോടതിയില്‍ നിന്നും ലഭിക്കുമെന്നാണ് പൊതുജനങ്ങള്‍ വിശ്വസിക്കുന്നത്. നീതി തേടി കോടതിയില്‍ പോയപ്പോള്‍ കോടതി വിമര്‍ശിക്കുകയല്ല പരിഹസിക്കുകയാണ് ചെയ്തത്. പ്രതിപക്ഷ നേതാവ് പൊതുതാല്‍പര്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ പരിഹസിക്കുകയാണോ വേണ്ടതെന്ന് കോടതി തന്നെ പരിശോധിക്കട്ടെ. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നീതി തേടി കോടതിയെ സമീപിക്കുമ്പോള്‍ ഇങ്ങനെ പരിഹസിച്ചാല്‍ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. കോടതി നടപടി ബഹുമാനത്തോടെ നോക്കിക്കാണുന്നു.

ഖജനാവില്‍ നിന്നും 1500 കോടി രൂപ ചെലവഴിച്ചതിന് പകരമായി 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കുമെന്നാണ് പറഞ്ഞത്. എന്നിട്ട് 5 ശതമാനത്തിന് പോലും പ്രയോജനമുണ്ടായില്ല. കെ ഫോണ്‍ സേവനം വേണ്ടെന്ന് പല സര്‍ക്കാര്‍ ഓഫീസുകളും പറഞ്ഞു തുടങ്ങി. പദ്ധതിക്ക് പിന്നില്‍ വ്യക്തമായ അഴിമതി നടന്നിട്ടുണ്ട്. ഇതില്‍ പൊതുതാല്‍പര്യം ഇല്ലെങ്കില്‍ പിന്നെ മറ്റ് എന്തിലാണ് പൊതുതാല്‍പര്യമുള്ളത്? ഞാനും നിങ്ങളും നല്‍കുന്ന നികുതി പണത്തില്‍ നിന്നാണ് 1500 കോടി നല്‍കിയത്. അല്ലാതെ ഇവരുടെ ആരുടെയും സ്ഥലംവിറ്റുണ്ടാക്കിയ പണമല്ല ചെലവഴിച്ചത്. ഇതാണ് പൊതുതാല്‍പര്യം. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. സാധാരണക്കാരുടെ പണം ഇങ്ങനെ നഷ്ടപ്പെടുമ്പോള്‍ ഞങ്ങള്‍ നോക്കി നില്‍ക്കണോ? അഴിമതിയെ കുറിച്ച് അന്വേഷിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്മാക്കിയതിനാലാണ് അവസാനശ്രമമെന്ന നിലയില്‍ കോടതിയെ സമീപിച്ചത്. ഇത് ഞാനും പിണറായിയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമല്ല. അതായിരുന്നെങ്കില്‍ പൊതുതാല്‍പര്യം ഇല്ലെന്ന് പറയാം. ജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നത് ചോദ്യം ചെയ്യുന്നത് പൊതുതാല്‍പര്യം തന്നെയാണ്.

യുവജനസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ചെറുപ്പക്കാരുടെ ചോര ഭൂമിയില്‍ വീഴുന്നത് കണ്ട് ആനന്ദിക്കുന്ന ഇത്രയും ക്രൂരനായ മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. തനിക്കെതിരെ ഒരു പ്രതിഷേധവും ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയുള്ള ഏകാധിപതിയായ ഭരണാധികാരിയാണ് പിണറായി വിജയന്‍. സംസ്ഥാന വ്യാപകമായി പൊലീസിനെയും ക്രിമിനലുകളെയും ഉപയോഗിച്ച് ചെറുപ്പക്കാരെ പിണറായി വിജയന്റെ സംഘം വേട്ടയാടുകയാണ്. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ ഇരുപതോളം പൊലീസുകാര്‍ ചേര്‍ന്ന് വളഞ്ഞുവച്ചാണ് മര്‍ദ്ദിച്ചത്. ചോര തലയില്‍ നിന്നും ഒഴുകുമ്പോഴും മര്‍ദ്ദനം തുടര്‍ന്നു. പുരുഷ പൊലീസുകാരാണ് പെണ്‍കുട്ടികളുടെ തലയ്ക്കടിച്ചത്.

യുവജനസമരങ്ങളെ ക്രൂരമായി കൈകാര്യം ചെയ്യാന്‍ പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധവും പ്രതികരണവും ഉണ്ടാകും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ ഒരുകാലത്തും കാണാത്ത തരത്തില്‍ വീട്ടില്‍ നിന്നും വെളുപ്പാന്‍ കാലത്ത് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. ജാമ്യം കിട്ടി ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന ഘട്ടമായപ്പോള്‍ വീണ്ടും പുതിയ കേസുകള്‍ ഉണ്ടാക്കിയിരിക്കുകയാണ്. ജയിലിന് പുറത്തുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനേക്കാള്‍ ശക്തനാണ് ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. നൂറുകണക്കിന്

ചെറുപ്പക്കാര്‍ക്ക് നേരെ കേസുകളെടുത്ത് അവരുടെ വീടുകളില്‍ പൊലീസ് കയറിയിറങ്ങുകയാണ്. ഒരുകാലത്തും ഇല്ലാത്ത തരത്തില്‍ പൊലീസിനെ ഉപയോഗിച്ച് യുവജനങ്ങളെ വേട്ടയാടുകയാണ്. അര്‍ധരാത്രിയിലും വെളുപ്പാന്‍കാലത്തും വീട്ടിലേക്ക് പൊലീസ് ഇരച്ചുകയറുകയാണ്. ഈ സ്ഥിതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഞങ്ങളുടെ സമീപനവും മാറ്റേണ്ടി വരും. ഇതുകൊണ്ടൊന്നും ആരും സമരം നിര്‍ത്താന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. കേരളത്തെ തകര്‍ത്തതിന് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ഇനിയും ഉണ്ടാകും. നിങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ നൂറിരട്ടി ശക്തിയോടെ ഞങ്ങള്‍ തിരിച്ചടിക്കും. നിങ്ങള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചാല്‍ അതിന് അനുവദിക്കില്ല.

നിങ്ങള്‍ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ്. നിങ്ങളുടെ കുടുംബവും അഴിമതിയില്‍പ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ കുടുംബത്തിന് വേണ്ടിയാണ് അഴിമതി നടത്തിയത്. നിങ്ങളും കുടുംബവും നടത്തിയ അഴിമതികള്‍ ഞങ്ങള്‍ എണ്ണിയെണ്ണു പുറത്ത് കൊണ്ടുവരും. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ നിങ്ങളുടെ പൊയ്മുഖം അനാവരണം ചെയ്ത്, അഴിമതിക്കാരും ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രിയാണെന്ന് ബോധ്യപ്പെടുത്തും. അതിനുള്ള സമരപരിപാടികളുമായാണ് കോണ്‍ഗ്രസും യു.ഡി.എഫും മുന്നോട്ട് പോകുന്നത്. സര്‍ക്കാരുമായി ഒരു വീട്ടുവീഴ്ചയ്ക്കും തയാറല്ല. ഒരു കാര്യത്തിലും സര്‍ക്കാരിന് മുന്നില്‍ മുട്ട് മടക്കില്ല. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ചോര വീണ മണ്ണില്‍ നിന്നുകൊണ്ട് സര്‍ക്കാരിനെതിരായ പ്രതിഷേധവും സമരവും ഇതിനേക്കാള്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകും.

കുഞ്ഞുങ്ങളുടെ തല പൊട്ടി ചോര ഒഴുകുന്നത് കണ്ടാല്‍ മാത്രം ഉറക്കം വരുന്ന രക്തദാഹിയായ ഭരണാധികാരിയായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. രക്തദാഹിയും ക്രൂരനുമായ ഇത്തരമൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. ചുറ്റുമുള്ള സ്തുതിപാഠക സംഘത്തിന്റെ സ്തുതിഗീതത്തില്‍ മയങ്ങി ഇരിക്കുന്ന ഏകാധിപതിയാണ് പിണറായി. ഇയാള്‍ ആരാണെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്.

കരുവന്നൂരില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. അഴിമതിയില്‍ ഒന്നാം പ്രതി സി.പി.എമ്മാണ്. സി.പി.എം നേതാക്കള്‍ നടത്തിയ അഴിമതിയുടെ പണമാണ് അവിടെ പാര്‍ക്ക് ചെയ്തത്. തെറ്റായ രീതിയില്‍ ലോണ്‍ കൊടുക്കാന്‍ വേണ്ടി ഇന്ന് മന്ത്രിയായി ഇരിക്കുന്നവര്‍ വരെ നിര്‍ദ്ദേശം നല്‍കിയെന്നാണ് ഇ.ഡിക്ക് മൊഴി ലഭിച്ചിരിക്കുന്നത്. മന്ത്രി പി. രാജീവ് അനാവശ്യമായി സ്വാധീനിച്ച് തെറ്റായ ലോണ്‍ നല്‍കാന്‍ ശ്രമിച്ചെന്ന് ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ആള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നിട്ടും മന്ത്രി അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. പാവങ്ങളെ കബളിപ്പിച്ച് 500 കോടിയുടെ അഴിമതി നടത്തിയതില്‍ സി.പി.എമ്മാണ് ഒന്നാം പ്രതി. സി.പി.എമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കളെല്ലാം പ്രതികളാണ്. അതുകൊണ്ടു തന്നെ സി.പി.എമ്മും മന്ത്രിയും മറുപടി പറഞ്ഞേ മതിയാകൂ. ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മന്ത്രിക്ക് സാധിക്കില്ല. നാട്ടുകാരുടെ പണം ഉപയോഗിച്ചാണ് സി.പി.എം നേതാക്കള്‍ അഴിമതി നടത്തിയത്. ഇ.ഡി ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നാണ് ഞങ്ങള്‍ നോക്കിയിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇ.ഡി കേസുമായി മുന്നോട്ടു പോകുമോ, അതോ സംഘപരിവാറും സി.പി.എമ്മും തമ്മില്‍ സമരസപ്പെടുമോയെന്ന് ഞങ്ങള്‍ നിരീക്ഷിക്കുകയാണ്.

സ്ത്രീകള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും എതിരെ സൈബര്‍ ഗുണ്ടകള്‍ നടത്തുന്ന ആക്രമണങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും പോസ്റ്റിട്ടാല്‍ അറസ്റ്റു ചെയ്യും. പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെയാണെങ്കില്‍ കേസും അന്വേഷണവും ഇല്ല. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുത്. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെയെല്ലാം അടിച്ചൊതുക്കുകയാണ്. ശാരീരികമായി ആക്രമിക്കാന്‍ സാധിക്കാത്തവരെയാണ് സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കുന്നത്. സൈബര്‍ ഇടങ്ങളില്‍ നടക്കുന്നത് ഫാഷിഷമാണ്. ചിത്രയ്ക്ക് സ്വന്തമായി അഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ. ആ അഭിപ്രായത്തോട് നമ്മള്‍ യോജിക്കണമെന്നില്ല. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ പറയാത്ത കാര്യങ്ങള്‍ പറഞ്ഞെന്ന് പറയുമ്പോള്‍ അതിനെ ചോദ്യം ചെയ്യും.

 

 

 

 

 

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *