തിരുവനന്തപുരം: കായിക മേഖലയുമായി ബന്ധപ്പെട്ട സ്പോർട്സ് എഞ്ചിനീയറിങ്, സ്പോർട്സ് മെഡിസിൻ, സ്പോർട്സ് മാനേജ്മെൻ്റ് കോഴ്സുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും അവതരിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന സ്പോർട്സ് എക്സലൻസ് സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഈ രംഗത്തെ വിദഗ്ധരെ ഉപയോഗപ്പെടുത്തി പരിശീലന പദ്ധതികൾ നടപ്പിലാക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുതുതായി അവതരിപ്പിക്കുന്ന നാലു വർഷ ബിരുദ കോഴ്സുകളുടെ കരിക്കുലത്തിൽ സ്പോർട്സും ഉൾപ്പെടുത്തും. കേരളത്തിലെ എല്ലാ സർവകലാശാലകളിലും മികച്ച സംവിധാനങ്ങളുള്ള സ്റ്റേഡിയങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കായിക മേഖലയുടെ വളർച്ചയ്ക്ക് അനുഗുണമാകുന്ന സമീപനങ്ങളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേതെന്നും അവർ പറഞ്ഞു. കഴിഞ്ഞകാലങ്ങളിലേതു പോലെ മികച്ച കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാൻ നമുക്ക് കഴിയണം. അതിനുള്ള സമഗ്രമാറ്റത്തിന് ഈ ഉച്ചകോടി നാന്ദി കുറിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ചർച്ചയിൽ ഡോ. രാജശ്രീ, അർജുന അവാർഡ് ജേതാവ് ജോർജ് തോമസ്, ടെക്നോപാർക്ക് സിഇഒ കേണൽ സജീവ് നായർ, ലോകബൊറോ യൂണിവേഴ്സിറ്റി പ്രൊഫസർ മാർക്ക് ആർതർ കിംഗ്, ഇറാനിൽ നിന്നുള്ള സ്പോർട്സ് ബിസിനസ് മാനേജ്മെൻ്റ് വിദഗ്ധൻ കാമിയാർ വദൻകേത്തർ തുടങ്ങിയവർ പങ്കെടുത്തു.