ആലപ്പുഴ: ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും ആശങ്കകളും സർക്കാർ തലത്തിലെ ഉന്നത വിദഗ്ധസമിതി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ സർവകക്ഷിയോഗത്തിൽ ധാരണയായി. അഡ്വ. എ.എം.ആരിഫ് എം.പി. മുൻകൈ എടുത്ത് ജില്ല കളക്ടർ ജോൺ സാമുവലിന്റെ അധ്യക്ഷതയിലാണ് കളക്ട്രേറ്റിൽ അടിയന്തിര യോഗം ചേർന്നത്. എം.എൽ.എമാരായ എച്ച്.സലാം, യു.പ്രതിഭ ഹരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കായംകുളത്ത് ഫ്ലൈ ഓവർ നിർമ്മിക്കാൻ സാങ്കേതികമായി സാധിക്കില്ല എന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടിനെതിരെ യോഗത്തിൽ രൂക്ഷവിമർശനമുയർന്നു. താൻ ഈ ആവശ്യം ഉന്നയിച്ച് 2023 ജൂൺ 17ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരിക്ക് നൽകിയ കത്തിന് മറുപടി നൽകാൻ ദേശീയപാത അതോറിറ്റി ഇതുവരെ തയ്യാറായിട്ടില്ല എന്ന് എം.പി. കുറ്റപ്പെടുത്തി. ജനപ്രതിനിധികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കായംകുളത്തെ ദേശീയപാത വികസനത്തിന്റെ രൂപരേഖ നൽകിയിട്ടില്ലെന്ന് അഡ്വ. യു പ്രതിഭയും യോഗത്തിൽ പറഞ്ഞു. കായംകുളത്ത് ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും അടിയന്തിര ഇടപെടീൽ വേണമെന്ന് എം.എൽ.എ പറഞ്ഞു. നിലവിൽ ജി.ഡി.എസ് ഓഡിറ്റോറിയത്തിന് സമീപവും ഒ.എൻ.കെ ജംഗ്ഷനു സമീപവും നിർദ്ദേശിച്ചിരിക്കുന്ന അടിപ്പാതകൾ നിർമ്മിച്ചതുകൊണ്ട് മാത്രം നഗരത്തിലേയ്ക്കും പുറത്തുമുള്ള വാഹനഗതാഗതം സുഗമമാകില്ലെന്നും കൂടുതൽ ഇടങ്ങളിലൂടെ പ്രവേശനമാർഗ്ഗം സാധ്യമാകുന്ന തരത്തിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നത്. ഇതേതുടർന്നാണ് ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റിയുടെ അടിയന്തരര വിശദീകരണം തേടുന്നതിനും വിദഗ്ധസമിതിയുടെ പരിഗണയ്ക്ക് വിടാൻ സർക്കാരിനോട് ആവശ്യപ്പെടാനുമുള്ള തീരുമാനം ജില്ല കളക്ടർ അറിയിച്ചത്. നിലവിലെ സർവ കക്ഷി യോഗത്തിന്റെ തീരുമാനങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് ജില്ല കളക്ടർ ദേശീയ പാത അതോറിട്ടിക്ക് കത്ത് നൽകുമെന്നും ഏഴുദിവസത്തിനകം ഇതു സംബന്ധിച്ച വിശദീകരണം ഉൾപ്പടെ, ഉന്നത തല സമിതി തീരുമാനിക്കണമെന്ന് കാട്ടി സർക്കാരിലേക്ക് അയയ്ക്കുമെന്നും കളക്ടർ പറഞ്ഞു.
തോട്ടപ്പള്ളിയിൽ ഹാർബർ വികസനം സാധ്യമാകുന്ന തരത്തിൽ പുതിയപാലത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ ഇതുവരെ തയ്യാറായിട്ടില്ലെന്ന് എച്ച്.സലാം എം.എൽ.എ യോഗത്തിൽ പറഞ്ഞു. നിരവധി ഇടപെടീലുകൾക്ക് ശേഷമാണ് മെഡിക്കൽ കോളേജ് ജങ്ഷനിൽ ഇപ്പോൾ അണ്ടർ പാസ് അനുവദിച്ചതെന്നും എം.എൽ.എ പറഞ്ഞു. അമ്പലപ്പുഴ ജംഗ്ഷനിൽ നിലവിൽ നിർദ്ദേശിച്ചിരിക്കുന്ന ഒരു സ്പാൻ മാത്രമുള്ള ഫ്ലൈ ഓവറിനുപകരം കൂടുതൽ സ്പാനുകൾ ഉൾപ്പെടുത്തി തുറന്ന ഫ്ലൈ ഓവർ ആയി നിർമ്മിക്കുന്ന കാര്യത്തിലും നിർമ്മാണത്തിലെ അപാകത്തിന്റെ ഭാഗമായി ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്ന കാര്യത്തിലും പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. കായംകുളം നഗരസഭാധ്യക്ഷ പി. ശശികല, എ.ഡി.എം.എസ്.സന്തോഷ്കുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കായംകുളം ഹൈവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.