കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെയും ഇടുക്കി കനൈന്‍ സ്ക്വാഡ് ആസ്ഥാന മന്ദിരം അടക്കമുള്ള അനുബന്ധ സംവിധാനങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു. കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെ രൂപീകരണത്തൊടെ സൈബര്‍ കുറ്റാന്വേഷണ
രംഗത്ത് സംസ്ഥാനം പുതിയൊരു കാല്‍വെപ്പാണ് നടത്തുന്നതെന്നും ഇത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ആധുനിക സാങ്കേതികവിദ്യയുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലുള്ള വളര്‍ച്ചക്കൊപ്പം ഈ മേഖലയിലെ കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. സാങ്കേതിക വിദ്യയിലെ പഴുത് ഉപയോഗിചച്ചാണ് തട്ടിപ്പുകള്‍ പലതും നടക്കുന്നത്. ഒരു ഭാഗത്ത് തട്ടിപ്പും മറുഭാഗത്ത് സാങ്കേതിക വിദ്യയുടെ ദുരുപയോഗവും നടക്കുന്നുണ്ട്. ഇത് രണ്ടും സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുക എന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള
തട്ടിപ്പുകളിലൂടെ കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് നിന്ന് നഷ്ടമായത് 201 കോടി രൂപയാണ്. ഇത്തരം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മികച്ച ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന പൊലീസിന് കഴിഞ്ഞിട്ടുണ്ട്.എല്ലാ ജില്ലകളിലും സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചുമതല. മറ്റ് ജില്ലകളില്‍ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാരും. സൈബര്‍ ഡിവിഷന് വരുന്നതോടെ തിരുവനന്തപുരത്തിന് പുറമേ കൊച്ചി, കോഴിക്കോട് നഗരങ്ങളിലും ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലാവും സൈബര്‍ പോലീസ് സ്റ്റേഷനുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സൈബര്‍ സ്റ്റേഷനുകളുടെ അംഗബലവും വര്‍ധിപ്പിക്കുകയാണ്. ജില്ലകളിലെ സൈബര്‍ കുറ്റാന്വേഷണങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സൈബര്‍ പട്രോള്‍ വഴിയുള്ള വിവര ശേഖരണത്തിനുമായി പ്രത്യേക സംവിധാനം റേഞ്ച് ഡിഐജിമാരുടെ കീഴില്‍ ആരംഭിക്കും. ഇതെല്ലാം സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ സത്വര ഇടപെടല്‍ സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എ.ആര് ക്യാമ്പിനുള്ളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നാടമുറിച്ച് മന്ദിരം ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ ശിലാഫലം അനാച്ഛാദനം ചെയ്തു. അഡീഷണല്‍ എസ് പി കൃഷ്ണകുമാര്‍ ബി യോഗത്തില്‍ അധ്യക്ഷനായി. ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ, നാര്‍ക്കോട്ടിക് ഡിവൈഎസ്പി പയസ് ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ. ജി സത്യന്, ഡിറ്റാജ് ജോസഫ്, രാജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.