ഇ- വാഹനങ്ങളുടെ സാധ്യതകളും ഊർജ ഉപഭോഗത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും കേരളം സൂക്ഷ്മമായി പരിഗണിക്കണമെന്ന നിർദ്ദേശവുമായി അന്താരാഷ്ട്ര ഊർജ സെമിനാറിലെ പാനൽ ചർച്ച. ഊർജ ഉപഭോഗവും മികച്ച ജീവിത നിലവാരവും നൂതന ഗതാഗത സംവിധാനത്തിൽ എന്ന വിഷയത്തിലാണ് ചർച്ച നടന്നത്.കേരളത്തിൽ ഇലക്ട്രിക് ഷെയർ ഓട്ടോ,ചെറുബസുകൾ എന്നിവയുടെ സാധ്യതകൾ കേരളത്തിനുപയോഗിക്കാൻ കഴിയണമെന്ന് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് സ്ഥാപക ചെയർമാൻ ഡി ധനുരാജ് അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള മൈക്രോമൊബിലിറ്റി വാഹനങ്ങൾ ഊർജ ലാഭമുണ്ടാക്കുകയും ചെയ്യുന്നു. ഇ -സൈക്കിൾ യാത്ര ചെലവ് കുറക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് സി ഇ ഇ ഡബ്‌ള്യു റിസർച്ച് അനലിസ്റ്റ് നിലാംശു ഘോഷ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മാണിക്കൽ പഞ്ചായത്തിൽ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണത്തിലേക്കെത്തിച്ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.ഇ എം സി സംഘടിപ്പിച്ച അന്താരാഷ്ട്ര ഊർജ മേളയുടെ ഭാഗമായി ഇ വെഹിക്കിൾ രജിസ്‌ട്രേഷൻ വർദ്ധിച്ചിരുന്നതായി എനർജി മാനേജ്‌മെന്റ് സെന്റർ ജോയിന്റ് ഡയറക്ടർ ദിനേഷ് കുമാർ പറഞ്ഞു. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇ-സൈക്കിളുകളുടെയും ഇ-മോപ്പഡുകളുടെയും ആവശ്യകത വർധിച്ചു വരുന്നുണ്ട്. പ്രത്യേകിച്ചും പരന്ന ഭൂപ്രദേശങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് സാധ്യത കൂടുതലുള്ളത്. 2035-ഓടെ കേരളത്തിലെ നഗരവൽക്കരണം 96% ആയി ഉയരുമെന്നും ഇത് വികേന്ദ്രീകൃത ഇ-സൈക്കിൾ ബൈക്ക് ഷെയറിംഗിന്റെ സാധ്യതകൾ വർധിപ്പിക്കുമെന്നും പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. നഗര-ഗ്രാമ പ്രദേശങ്ങളിലെ ഇടുങ്ങിയ റോഡുകൾക്ക് അനുയോജ്യമായ ഹൈപ്പർലോക്കൽ മൊബിലിറ്റി സൊല്യൂഷനുകൾക്ക് കേരളത്തിൽ സാധ്യതയുണ്ട്.