കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘എന്റെ പുസ്തകം എന്റെ വിദ്യാലയം’ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച 1056 പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിശേഷിപ്പിച്ച സംസ്‌കാര വിരുദ്ധര്‍ക്ക് 1056 പുസ്തകങ്ങളിലൂടെ ജില്ലയിലെ കുട്ടികള്‍ മറുപടി നല്‍കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കാലോത്സവത്തില്‍ ഒന്നാം സ്ഥാനത്തിന്റെ സ്വര്‍ണക്കപ്പ് നേടിയത് കണ്ണൂരിലെ വിദ്യാര്‍ത്ഥികളാണ്. കലാസാഹിത്യ രംഗങ്ങളില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന ഇത്രയേറെ കുരുന്നുകളുള്ള ഈ നാടിനെ ചിലര്‍ അധിക്ഷേപിച്ചു. അവര്‍ക്ക് കണ്ണൂരിലെ കുഞ്ഞുങ്ങള്‍ നല്‍കുന്ന മറുപടി കൂടിയാണ് ഇതെന്നും കണ്ണൂരിനെ ബ്യൂട്ടിഫുളെന്ന് വിശേഷിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പൊതുവിദ്യാലയങ്ങള്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍കൊണ്ട് കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്ന ഇടങ്ങളാണ്. സ്‌കൂളുകള്‍ കേവലം വിജ്ഞാന വിതരണ കേന്ദ്രങ്ങള്‍ മാത്രമല്ല. സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഇടങ്ങളായി ക്ലാസ്മുറികള്‍ മാറുകയാണ്. എഴുത്ത് കേവലം ചിന്തകളെ പ്രകാശിപ്പിക്കാനുള്ള ഒരു ഉപാധിയല്ല. മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കാനും സമൂഹം അറിയാതെ പോകുന്ന മനുഷ്യാവസ്ഥകളെ ലോകത്തിന് മുന്നില്‍ എത്തിക്കാനുള്ള ഉപാധികൂടിയാണ്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ അറിവുകള്‍ ലഭിക്കുന്നതിന് നിരവധി അവസരങ്ങള്‍ നിലവിലുണ്ട്. അവയില്‍ തെറ്റായതും ശരിയായതുമായ അറിവുകള്‍ ഉണ്ടാകും. അതു വേര്‍തിരിച്ച് അറിഞ്ഞ് ശരിയായത് ഉള്‍കൊള്ളാനുള്ള തിരിച്ചറിവു കൂടി വേണം.സാങ്കേതിക വിദ്യയുടെ വളര്‍ച്ച പ്രയോജനപ്പെടുത്തി പുസ്തകങ്ങളും വായനകളും പുതിയ തലങ്ങളിലേക്ക് വളരുകയാണ്. വായനക്കായി മാത്രമുള്ള സാങ്കേതികവിദ്യ തന്നെ നിലവിലുണ്ട്. അച്ചടിച്ച കോപ്പികള്‍ പോലും ഇതുവഴി വായിക്കാനാകും. അതു ഗുണപരമായി ഉപയോഗിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പള്ളിക്കുന്ന് കൃഷ്ണ മേനോന്‍ സ്മാരക വനിതാ കോളേജില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.