കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാലിഗദ്ദയിലെ അജീഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്.
മലയോര മേഖലകളിലെ ജനങ്ങള്‍ ഭീതിയില്‍; നിഷ്ക്രിയത്വം വെടിയാന്‍ സര്‍ക്കാര്‍ തയാറാകണം; ആള്‍ക്കൂട്ടത്തിനെതിരെ മോശം പ്രതികരണം നടത്തിയ വനം മന്ത്രി വയനാട്ടിലേക്ക് വരാാതിരിക്കുന്നതാണ് നല്ലത്.
മാനന്തവാടി : കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ വര്‍ഷം ഒന്‍പത് മാസത്തിനിടെ 85 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. 2016 മുതല്‍ 909 പേരാണ് മരിച്ചത്. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഒരു തരത്തിലുള്ള കൃഷിയും ചെയ്യാനാകാത്ത അവസ്ഥയാണ്. എല്ലാവരും കഷ്ടപ്പാടിലും ദുരിതത്തിലുമാണ്. ജീവനും ഭീഷണിയിലാണ്. ഈ ഭീതിതമായ അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ എങ്ങനെ സ്കൂളില്‍ പോകും. ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഇനിയെങ്കിലും നിഷ്ക്രിയത്വം വെടിയാന്‍ സര്‍ക്കാര്‍ തയാറാകണം.
വന്യജീവി ആക്രമണത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനാശമുണ്ടായതും ഉള്‍പ്പെടെ ഏഴായിരത്തോളം പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ഇത്തവണത്തെ ബജറ്റില്‍ വെറും 48 കോടി മാത്രമാണ് മാറ്റിവച്ചിരിക്കുന്നത്. 48 കോടി ആറളം ഫാമില്‍ നിര്‍മ്മിക്കുന്ന മതിലിന് തികയില്ല. അത്രയും ലാഘവത്വത്തോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്.
വന്യജീവി ആക്രമണങ്ങളെ നേരിടാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ല. ജനുവരി അഞ്ചിന് ആനയെ കണ്ടപ്പോള്‍ തന്നെ ട്രാക്ക് ചെയ്യാനുള്ള യൂസര്‍ ഐഡിയും പാസ് വേഡും കാര്‍ണാടക സര്‍ക്കാര്‍ കേരള വനംവകുപ്പിന് നല്‍കിയിരുന്നു. സാറ്റലൈറ്റില്‍ നിന്നും കിട്ടുന്ന സിഗ്നല്‍ ഡീ കോഡ് ചെയ്യാന്‍ മൂന്ന് മണിക്കൂര്‍ എടുക്കും. ആന എത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ലൊക്കേറ്റ് ചെയ്യാനുള്ള ഒരു സംവിധാനവും വനംവകുപ്പിനില്ല. അന്തര്‍ സംസ്ഥാന വിഷയമായതിനാല്‍ മുഖ്യമന്ത്രിയും വനം മന്ത്രിയും കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യാനാകുമെന്നത് സംബന്ധിച്ച് തീരുമാനം എടുക്കണം. അതിന് ആവശ്യമായ എല്ലാ സഹായവും പ്രതിപക്ഷം സര്‍ക്കാരിന് നല്‍കും.
ജനങ്ങള്‍ അക്രമാസക്തരായെന്നാണ് മന്ത്രി പറഞ്ഞത്. സങ്കടങ്ങളും ദുഖങ്ങളുമായി ജീവിത യാഥാര്‍ഥ്യങ്ങളെ നേരിടുന്ന വനാതിര്‍ത്തിയിലെ കര്‍ഷകര്‍ വൈകാരികമായി പ്രതികരിക്കും. മരണഭയത്തിന് ഇടയില്‍ നില്ക്കുന്നവര് വൈകാരികമായി പെരുമാറും. അല്ലാതെ ആരും ഇളക്കി വിടുന്നതല്ല. മാവോയിസ്റ്റുകളാണ് തീവ്രവാദികളാണ് എന്നൊക്കെ പറഞ്ഞ് അവരുടെ മെക്കിട്ട് കയറാന്‍ പോകേണ്ടെന്ന് നിയമസഭയില്‍ മന്ത്രിക്ക് മറുപടി നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനെ പറ്റി മോശം പ്രതികരണം നടത്തിയ മന്ത്രി വയനാട്ടിലേക്ക് വരാതിരിക്കുന്നതാണ് നല്ലത്.
രാഷ്ട്രീയം കലര്‍ത്താതെയാണ് വന്യജീവി ആക്രമണം സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചത്. മരിച്ച അജീഷിന്റെ കുടുംബത്തെ സഹായിക്കുന്നതിനൊപ്പം മലയോര മേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കണം. അത് പ്രതിപക്ഷത്തിന്റെ കൂടി ഉത്തരവാദിത്തമായി കരുതുന്നു. ഒരാള്‍ മരിക്കുമ്പോള്‍ ഉണ്ടാകുന്ന ബഹളത്തിന് അപ്പുറം ഇത്തരം സംഭവങ്ങള്‍ ശാശ്വതമായി പരിഹരിക്കാനുള്ള നടപടികളുണ്ടാകണം.