സ്കൾ, കോളേജ്, ഗവേഷണ തലത്തിലുള്ള 13നും 37നും മധ്യേ പ്രായമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും പ്രവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങൾ നൽകാൻ കേരള ഡെവലപ്പ്മെന്റ്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം.
കേരള വികസനം മുൻനിർത്തിയുള്ള വിവിധ വികസന പ്രശ്നങ്ങളുടെ പരിഹാരങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് വൈ ഐ പി വിഭാവനം ചെയ്തിരിക്കുന്നത്. കൃഷി, മൃഗസംരക്ഷണം, ഊർജ്ജം, സഹായ സാങ്കേതിക വിദ്യ, കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും, ഡിജിറ്റൽ ആൻറ് ക്രിയേറ്റീവ് ആർട്ട് ഫോംസ്, ബയോടെക്നോളജിയും ജനറ്റിക്സും തുടങ്ങി തെരഞ്ഞെടുത്ത 27 മേഖലകളിൽ പ്രവർത്തിക്കാൻ വൈ.ഐ.പി അവസരമൊരുക്കും.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി സംഘങ്ങൾക്ക് പ്രഗത്ഭരുടെ സഹായം, വിപണി വികസന പ്ലാൻ തയ്യാറാക്കാൻ മാർഗനിർദ്ദേശങ്ങൾ, പുത്തൻ സാങ്കേതിക വിദ്യകളിലുള്ള ജ്ഞാനം, ബൗദ്ധിക സ്വത്തവകാശ സഹായം, പ്രോട്ടോടൈപ്പ് മാതൃക വികസന സഹായം എന്നിവ വിവിധ ഘട്ടങ്ങളിലായി നൽകും. സംസ്ഥാനതലത്തിൽ വിജയികളാകുന്ന വൈ.ഐ.പി ടീമുകൾക്ക് പ്രൊജക്റ്റ് ചെയ്യാൻ ഫണ്ടും ലഭ്യമാക്കും. എല്ലാ വിദ്യാർത്ഥികളും ഈ അവസരം മികച്ച രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കണം. നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കും നിങ്ങളുടെ മൂല്യവത്തായ സംഭാവനകൾ അർപ്പിക്കണം.