യുവാക്കളുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തം : മുഖ്യമന്ത്രി

Spread the love

യുവാക്കൾ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാരിൽ നിന്നുണ്ടാകും – മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസിന്റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുമായി നന്നായി ഇടപഴുകുന്നവരാണ് ഇന്നു സർക്കാരിലുള്ളതെന്നും യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഏകദേശ ധാരണ സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവയൊക്കെ മനസ്സിൽ വെച്ചുകൊണ്ടു തന്നെയാണ് സർക്കാർ നീങ്ങുന്നത്. ഒരു വിഭാഗത്തെയും കൈവിടില്ല. എല്ലാ വിഭാഗത്തെയും ഉൾച്ചേർത്തുള്ള മുന്നോട്ടുപോക്കാണ് സർക്കാരിന്റെ മനസിലുള്ളത്. യുവജനങ്ങളുടെ അഭിപ്രായങ്ങൾ ഇനിയുള്ള ഘട്ടങ്ങളിൽ സർക്കാർ നയങ്ങളിലും നിലപാടുകളിലും പ്രതിഫലിക്കുക തന്നെ ചെയ്യും. ചരിത്രത്തെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്നവരാണു യുവജനങ്ങൾ. ഇന്നത്തെ കാലത്തിന് അനുസൃതമായ സാധ്യതകൾ യുവാക്കൾക്ക് ഒരുക്കിക്കൊടുക്കാനാണു സർക്കാർ ശ്രമിക്കുന്നത്. ഈ ശ്രമത്തിനു കേരളത്തിലെ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രധാനമാണ്. അവ ഉൾക്കൊണ്ടു മുന്നോട്ടുപോകണമെന്നാണു സർക്കാർ കരുതുന്നത്.

കേരളത്തിന്റെ നേട്ടങ്ങളെ ശക്തിപ്പെടുത്തണമെങ്കിൽ അതിന് അനുവദിക്കുന്ന സാമൂഹിക സാഹചര്യം ശക്തിപ്പെടണം. കേരളത്തിന്റെ മതനിരപേക്ഷ സമൂഹം രാജ്യത്തിനും ലോകത്തിനാകെയും മാതൃകയാണ്. അത്തരമൊരു സമൂഹത്തിലേ ജനങ്ങൾക്ക് ഒരുപോലെ പ്രാപ്യമാകുന്ന നേട്ടങ്ങളുണ്ടാക്കാനാകൂ. അതുകൊണ്ടു കേരളത്തിന്റെ ഈ സവിശേഷ സാമൂഹ്യ സാഹചര്യത്തെ സംരക്ഷിക്കണം. അതു തകർന്നാൽ ഒന്നും നേടാനാവില്ല. അതുകൊണ്ടു ജാതിരഹിതമായും മതാതീതമായും ചിന്തിക്കാനും പ്രവർത്തിക്കാനും യുവജനങ്ങൾ മുന്നോട്ടുവരണം. നവോത്ഥാന പ്രസ്ഥാനങ്ങളും അവ ഉയർത്തിപ്പിടിച്ച മൂല്യങ്ങളും പകരുന്ന ഊർജ്ജം ഉൾക്കൊണ്ടു സമൂഹത്തിന്റെ ഒരുമ നിലനിർത്തുന്നതും ശക്തിപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. സമൂഹത്തിന്റെ പുരോഗമനപരമായ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമായ ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്താനുള്ള പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ കേരളത്തിലെ യുവജനങ്ങളുണ്ടാകണം.

Author

Leave a Reply

Your email address will not be published. Required fields are marked *