സമരാഗ്നിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്. (28/02/2024).
എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരന്‍മാര്‍ നേതാക്കളായ സി.പി.എമ്മാണ് അധികാരത്തില്‍ ഇരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം കേരളത്തെ ഭയപ്പെടുത്തുന്നത്; വെറ്റനറി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ എസ്.എഫ്.ഐ ക്രിമിനലുകളെ അധ്യാപകര്‍ സംരക്ഷിക്കുന്നു; യു.ഡി.എഫ് 20 സീറ്റുകളിലും ഉജ്ജ്വല വിജയം നേടും
ടി.പി ചന്ദ്രശേഖരന്‍ വധത്തിലും ഗൂഡാലോചനയിലും സി.പി.എമ്മിന് പങ്കുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതി വിധി. ജയിലില്‍ കിടക്കുന്ന കൊലയാളുകളുടെ കുടുംബത്തെ സി.പി.എം എല്ലാ മാസവും സഹായിക്കുന്നുണ്ടെന്ന് പ്രൊബേഷന്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊലയാളികളെ കണ്ടെത്തുകയും അവരെക്കൊണ്ട് കൊല നടത്തിക്കുകയും ജയിലില്‍ പോകുമ്പോള്‍ അവരുടെ കുടുംബത്തെ സി.പി.എം സഹായിക്കുകയും ചെയ്യും. രാഷ്ട്രീയ
എതിരാളികളെ ഇല്ലാതാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരന്‍മാരായ നേതാക്കളാണ് സി.പി.എമ്മിനുള്ളത്. അവരാണ് അധികാരത്തില്‍ ഇരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം കേരളത്തെ ഭയപ്പെടുത്തുന്നതാണ്. നേതാക്കളെ കണ്ടാണ് അണികളും പഠിക്കുന്നത്. കഴിഞ്ഞ ദിവസം എസ്.ഐയുടെ കര്‍ണപടം എസ്.എഫ്.ഐ നേതാക്കള്‍ അടിച്ചുപൊട്ടിച്ചു. പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. കോളജിലെ പരിപാടിയില്‍ നൃത്തം ചെയ്തതിന്റെ പേരില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയാണ് വിവസ്ത്രനാക്കി എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചത്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന കുഞ്ഞിനെയാണ് തല്ലിക്കൊന്നത്. അവിശ്വസനീയമായ ക്രൂരതയാണിത്. ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍
അക്രമം മറച്ചുവച്ചത് ഞെട്ടിക്കുന്നതാണ്. പ്രതികളെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. അധ്യാപക സംഘടനാ നേതാക്കളുടെ പിന്‍ബലത്തിലാണ് പ്രതികളെ സംരക്ഷിക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് വീട്ടിലേക്ക് വന്ന വിദ്യാര്‍ത്ഥിയെ തിരിച്ചു വിളിച്ചാണ് മര്‍ദ്ദിച്ചത്. സിദ്ധാര്‍ത്ഥിന്റെ അമ്മ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ചവരാണ് കേസിലെ പ്രതികള്‍. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രിമിനല്‍ സംഘമായാണ് കേരളത്തിലെ എസ്.എഫ്.ഐയെ സി.പി.എം വളര്‍ത്തിക്കൊണ്ടു വരുന്നത്. പ്രതികളെ അടിയന്തിരമായി നിയമത്തിന് മുന്നില്‍ കൊണ്ടു വന്നില്ലെങ്കില്‍ അതിശക്തമായ സമരവുമായി മുന്നോട്ട് പോകും.
യു.ഡി.എഫ് ഉഭയകക്ഷ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 16 സീറ്റില്‍ കോണ്‍ഗ്രസും മലപ്പുറത്തും പൊന്നാനിയിലും മുസ്ലീംലീഗും കൊല്ലത്ത് ആര്‍.എസ്.പിയും കോട്ടയത്ത് കേരള കോണ്‍ഗ്രസും മത്സരിക്കും. മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന് ലീഗ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ലീഗിന് മൂന്നാം സീറ്റിമുള്ള അര്‍ഹതയുണ്ടെന്നതാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍ പ്രത്യേകമായ സാഹചര്യത്തില്‍ സീറ്റ് നല്‍കുന്നതിലുള്ള പ്രയാസം ലീഗിനെ ബോധ്യപ്പെടുത്തി. അടുത്തതായി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ലീഗ് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അതിനു ശേഷം വരുന്ന സീറ്റ് കോണ്‍ഗ്രസ് എടുക്കും. യു.ഡി.എഫ് ഭരണത്തില്‍ എത്തുമ്പോള്‍ ലീഗിന് രണ്ട് സീറ്റെന്ന കീഴ് വഴക്കം ഉറപ്പാക്കും. ഘടകകക്ഷി കളുമായി നടത്തിയ ചര്‍ച്ചയില്‍ ഇരുപതില്‍ ഇരുപത് സീറ്റും നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തണമെന്ന തീരുമാനമാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കേരളത്തില്‍ ജനവികാരമുണ്ട്. അതാണ് സമരാഗ്നിയുടെ ഭാഗമായുള്ള ജനകീയ ചര്‍ച്ചാ സദസില്‍ ഉയരുന്നത്. ഇത്തവണത്തേത് ഒഴികെയുള്ള എല്ലാ തദ്ദേശ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫാണ് ലീഡ് ചെയ്തത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 12 സീറ്റുണ്ടായിരുന്ന യു.ഡി.എഫ് 17 ലേക്ക് ഉയര്‍ന്നു. അന്നൊന്നും അത്രവലിയ വാര്‍ത്ത കണ്ടില്ല. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളില്‍ മുപ്പത്തിരണ്ടോളം സീറ്റുകള്‍ സി.പി.എമ്മില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തിട്ടുണ്ട്. അതൊക്കെ പരിശോധിച്ചും വാര്‍ത്ത നല്‍കണമെന്നാണ് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്.