ടി.പി കേസിലെ ഹൈക്കോടതി വിധി സി.പി.എം കൊലയാളി പാര്‍ട്ടിയെന്ന് വ്യക്തമാക്കുന്നത് : കെ.പി.സി.സി അധ്യക്ഷന്‍

Spread the love

സമരാഗ്നിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മളനത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞത്. (28/02/2024).

ടി.പി കേസിലെ ഹൈക്കോടതി വിധി സി.പി.എം കൊലയാളി പാര്‍ട്ടിയെന്ന് വ്യക്തമാക്കുന്നത്; മോദി-പിണറായി സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം കേരളത്തില്‍ യു.ഡി.എഫ് തരംഗമാകും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കെപിസിസി സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭയാത്ര സമരാഗ്‌നിക്ക് നാളെ പുത്തരിക്കണ്ടം മൈതാനിയിലെ ഉമ്മന്‍ചാണ്ടി നഗറില്‍ സമാപനം കുറിക്കും. ജാഥ ഇവിടെ അവസാനിക്കുന്നില്ല, ജനകീയ പ്രതിരോധത്തിന്റെ തുടക്കമാണ്. അതിന് കോണ്‍ഗ്രസിനെ സജ്ജമാക്കാനുള്ള ആത്മവിശ്വസത്തോടെ, ജനകീയ പ്രതിരോധത്തിന്റെ ആവേശക്കടല്‍ തീര്‍ത്താണ് സമരാഗ്‌നി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. അഗ്നിയില്‍ സ്ഫുടം ചെയ്ത കാരിരുമ്പുപോലെ സമരാഗ്‌നി പ്രക്ഷോഭ യാത്ര കോണ്‍ഗ്രസിനെ മാറ്റിയെടുത്തു.

സമകാലിന കേരളീയ സമൂഹത്തെ ആഴത്തില്‍ തൊട്ടറിയാനും കേട്ടറിയാനും ഞങ്ങള്‍ക്ക് സാധിച്ചു. പിണറായി സര്‍ക്കാര്‍ താറുമാറാക്കിയ ജനജീവിതത്തിന്റെ വിവിധ തുറകളില്‍നിന്നെത്തിയവര്‍ നെഞ്ച് പൊട്ടുന്ന നൊമ്പരങ്ങളാണ് പങ്കുവെച്ചത്. നരേന്ദ്ര മോദിയുടെയും പിണറായി സര്‍ക്കാരിന്റെയും ഭരണം തകര്‍ത്ത ജീവിതങ്ങള്‍ കണ്ട് ഞങ്ങള്‍ തരിച്ചുപോയി. കോട്ടയത്ത് ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയ ലക്ഷ്മിയമ്മയും മകളും ഞങ്ങളോട് ആവശ്യപ്പെട്ടത് അടച്ചുറപ്പുള്ള വീടാണ്. പനച്ചിക്കാട് പഞ്ചായത്തില്‍ 3 സെന്റ് സ്ഥലം സൗജന്യമായി നല്‍കാമെന്ന് കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി ജോണ്‍ ഞങ്ങളെ അറിയിച്ചപ്പോള്‍ ലക്ഷ്മിയമ്മയുടേയും മകളുടേയും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സാമ്പത്തിക സഹായം കെപിസിസി ഏറ്റെടുത്തത്

ജനകീയ ചര്‍ച്ച സദസ്സില്‍ ജനങ്ങള്‍ സമര്‍പ്പിച്ച പരാതികളില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്താന്‍ സാധ്യമായതെല്ലാം കോണ്‍ഗ്രസ് ചെയ്യും. പരാതികളില്‍ നിയസഭയില്‍ അവതരിപ്പിക്കേണ്ടതും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതും പ്രക്ഷോഭം ആരംഭിക്കേണ്ടതുമായ വിഷയങ്ങള്‍ തരംതിരിച്ച് പരിശോധിക്കാന്‍ പഴകുളം മധു ചെയര്‍മാനും സജീവ് ജോസഫ് കണ്‍വീനറുമായ സമിതിയുണ്ട്. ലഭിച്ച പരാതികളില്‍ തുടര്‍ പ്രവര്‍ത്തനം നടത്താന്‍ ജില്ലകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍ യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും.

ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരും അതില്‍ നേരിട്ടു പങ്കുള്ളവരും ശിക്ഷിക്കപ്പെട്ടെങ്കിലും ഗൂഢാലോചന നടത്തിയവര്‍ ഇപ്പോഴും നിയമത്തിന് പുറത്താണ്. ടിപി വധക്കേസിലെ ഗൂഢോലോചനക്കേസില്‍ നീതി കിട്ടുന്നതുവരെ പോരാടും. കോണ്‍ഗ്രസ് പിറകേയുണ്ടെന്ന് ഞാനവരെ ഓര്‍മിപ്പിക്കുകയാണ്. ടിപി കൊലക്കേസില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ് സ്വയം വെള്ളപൂശാന്‍ ശ്രമിച്ചവര്‍ക്ക് ഹൈക്കോടതി നല്‍കിയ ഈ പ്രഹരത്തിന് 51

വെട്ടിന്റെ അപ്പുറത്തുള്ള കാഠിന്യം തന്നെയുണ്ട്. സിപിഎം ഒരു കൊലയാളി പാര്‍ട്ടിയാണെന്നു ഹൈക്കോടതി വിധി വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കണ്ണൂര്‍ നേതാക്കള്‍ രക്തദാഹികളാണെന്ന് ജനങ്ങള്‍ക്ക് നേരത്തെ തന്നെ ബോധ്യമായിട്ടുണ്ട്. സിപിഎം നേതാക്കളെ ശിക്ഷിച്ചതോടെ പാര്‍ട്ടിക്ക് ഈ കൊലപാതകവുമായുള്ള ബന്ധം കോടതി ശരിവച്ചു. കൊലയാളികള്‍ക്ക് യഥേഷ്ടം കിട്ടിക്കൊണ്ടിരുന്ന തുടര്‍ച്ചയായ പരോള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പിന്തുണകൊണ്ടാണെന്ന് കോടതിക്കു ബോധ്യമായി. കൊലയാളികള്‍ക്ക് പാര്‍ട്ടി നല്കുന്ന സംരക്ഷണവും സാമ്പത്തിക സഹായവുമൊക്കെ പകല്‍പോലെ വ്യക്തമാക്കപ്പെട്ടു. ടിപി ചന്ദ്രശേഖരനെ കൊന്നവരുടെ പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ പ്രതികള്‍ക്ക് ജയിലില്‍ സുഖജീവിതം ആയിരിക്കുമെന്ന് തിരിച്ചറിവില്‍ നിന്നാണ് കോടതി ഇരട്ട ജീവപര്യന്തത്തോടൊപ്പം പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും വിധിച്ചത്.

പാര്‍ലമെന്റിലെ തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയങ്ങളിലൊന്ന് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം തന്നെ ആയിരിക്കും. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം മൂലം ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ജനതയുടെ പ്രതിനിധിയായി രാഷ്ട്രീയത്തില്‍ കടന്ന് വന്ന വ്യക്തിയാണ് ഞാന്‍. ജനാധിപത്യത്തിന്റെ ചെറുവെളിച്ചം പോലുമില്ലാത്ത പാര്‍ട്ടി ഗ്രാമങ്ങള്‍ എത്രയോ കണ്ണൂരിലുണ്ട്. അത്തരത്തിലുള്ള പാര്‍ട്ടി ഗ്രാമങ്ങളായി കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് പിണറായി വിജയന്‍ നടത്തുന്നത്. ഇത്തരം പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യത്തിന്റെ വെളിച്ചം കൊണ്ടുവരുന്നതിനാണ് എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം പോരാടിയത്. സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിന്റെ ആപത്ത് കേരളീയ പൊതുസമൂഹത്തിന് മുന്നില്‍ എന്നും ഉറക്കെ വിളിച്ച് പറയുന്നതും,

സിപിഎമ്മിന്റെ ഭീകര മുഖം തുറന്ന് കാട്ടാന്‍ ശ്രമിക്കുന്നതും അതിന്റെ തീവ്രത നേരിട്ട് അനുഭവിച്ച ആളെന്ന നിലയിലാണ്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ അതിജീവിച്ച് ജനാധിപത്യത്തിന്റെ ശബ്ദം ഉയര്‍ത്തിപിടിക്കുന്നതിന് വേണ്ടി ഒട്ടനവധി പോരാട്ടം നടത്തിയ ശേഷമാണ് ഞാന്‍ ഇന്ന് കെ.പി.സി.സി അധ്യക്ഷ പദവിയില്‍ ഇരിക്കുന്നത്. എന്റെ രാഷ്ട്രീയ ജീവിതം സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുക എന്നതായിരുന്നു. സമരാഗ്‌നിയുടെ ഭാഗമായി കേരളീയ സമൂഹത്തെ അതു ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞു.

കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമങ്ങളും കുടില്‍ വ്യവസായം പോലുള്ള ബോംബ് നിര്‍മ്മാണവും കൊലപാതക രാഷ്ട്രീയവും കേരളം മുഴുവന്‍ വ്യാപിപ്പിക്കുക എന്നതാണ് പിണറായി വിജയന്റെ ലക്ഷ്യം. അതിന്റെ ട്രയല്‍ റണ്ണായിരുന്നു രക്ഷാപ്രവര്‍ത്തനം എന്ന ഓമനപ്പേരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ക്രിമിനലുകള്‍ നടത്തിയ നരനായാട്ട്. പിണറായി വിജയന്റെ രക്തദാഹം അടങ്ങുന്നില്ലെന്ന് തെളിവാണത്. പിണറായിയുടെ രാഷ്ട്രീയം ഉന്‍മൂലന സിദ്ധാന്തത്തില്‍ ഉരുത്തിരിഞ്ഞതാണ്. അത് കേരളം ഞെട്ടലോടെയാണ് തിരിച്ചറിയുന്നത്. സിപിഎമ്മിന്റെ അക്രമ-കൊലപാത രാഷ്ട്രീയത്തിനെതിരായ ജാഗ്രത ജനങ്ങള്‍ക്ക് ഇടയില്‍ കൊണ്ടുവരുക എന്നതും സമരാഗ്‌നിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

സമരാഗ്‌നിയുടെ ഭാഗമായി സംഘടിപ്പിച്ച 30 ലധികം പൊതുസമ്മേളനങ്ങള്‍ ജനനിബിഡമായിരുന്നു. ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളുമാണ് സമരാഗ്‌നി ജാഥയുടെ പൊതുസമ്മേളനങ്ങളില്‍ പങ്കെടുത്തത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോടുള്ള ജനങ്ങളുടെ എതിര്‍പ്പും വെറുപ്പും എത്രമാത്രമാണെന്ന് ഈ മഹാസമ്മേളനങ്ങള്‍ വരച്ചുകാട്ടി. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് സമരാഗ്‌നി പ്രക്ഷോഭയാത്രയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സച്ചിന്‍ പൈലറ്റ് മുഖ്യാതിഥിയായി പങ്കെടുക്കും.കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഴുവന്‍ മുതിര്‍ന്ന നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസും യു.ഡി.എഫും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ജനവിധി എഴുതുന്ന തിരഞ്ഞെടുപ്പായിരിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്‍ കാലത്തേക്കള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും. ഈ തിരഞ്ഞെടുപ്പ് സിപിഎമ്മിലെ പിണറായി യുഗത്തിന് അന്ത്യം കുറിക്കും. പിണറായി സര്‍ക്കാരിന് വാട്ടര്‍ലൂ ആയിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി. ജനം വെറുത്ത, മോദി-പിണറായി സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം കേരളത്തില്‍ യു.ഡി.എഫ് തരംഗമായിമാറും.

Author

Leave a Reply

Your email address will not be published. Required fields are marked *