ശാസ്ത്രീയ മാർഗങ്ങൾ പിൻതുടർന്ന് തദ്ദേശീയ പരമ്പരാഗത വൈദ്യമേഖലയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ കേരളത്തിലെ തദ്ദേശീയ വൈദ്യന്മാരുടെ സംഗമവും, പാരമ്പര്യ ചികിത്സ ക്യാമ്പും ഉൽപ്പന്ന പ്രദർശന വിപണനമേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശീയ വൈദ്യ അറിവുകൾ ശാസ്ത്രീയമായി അവതരിപ്പിച്ച് പേറ്റന്റടക്കം നേടാൻ കഴിയണം. ഇത്തരത്തിൽ തദ്ദേശീയ വൈദ്യത്തിന്റെയും ഔഷധ ഉൽപ്പന്നങ്ങളുടെയും സവിശേഷതകൾ ജനങ്ങളിലേക്കെത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തിനാകെ മാതൃകയായ ആരോഗ്യരംഗമാണ് കേരളത്തിന്റേത്. ഈ ചരിത്ര നേട്ടത്തിന്റെ സമാരംഭം കുറിച്ചത് തദ്ദേശീയ വൈദ്യത്തിൽ നിന്നാണ്. ആധുനിക വൈദ്യശാസ്ത്രത്തിന് മുൻപ് പറമ്പിലെയും വനങ്ങളിലെയും ഔഷധ സസ്യങ്ങളിൽ നിന്നും ഉണ്ടാക്കിയ മരുന്നുകൾ അക്കാലം മുതൽ പ്രചരിച്ചിരുന്നു. കേരള ആരോഗ്യരംഗത്തെ മികവിന് ഈ മേഖല സഹായിച്ചു. ആരോഗ്യ രംഗത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിക്കുന്നവരാണ് പരമ്പരാഗത, തദ്ദേശീയ വൈദ്യന്മാർ. ലോകത്തിലെല്ലായിടത്തും പരമ്പരാഗത ചികിത്സാ സൗകര്യങ്ങൾ നിലവിലുണ്ട്.ഗവേഷണത്തിനപ്പുറം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് നാട്ടുവൈദ്യം മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആയുർവേദ അടിസ്ഥാന ആശയങ്ങളിൽ അധിഷ്ഠിതമായ പാരമ്പര്യ ചികിത്സ അറിവുകളെ വരുംതലമുറക്ക് പകർന്നു നൽകാൻ ശ്രദ്ധിക്കുകയും വേണം. ഡിജിറ്റൽ കാലഘട്ടത്തിൽ അത്തരം സാധ്യതകൾ ഉപയോഗിക്കുകയാണ് വേണ്ടത്. നാട്ടുവൈദ്യം ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതോടൊപ്പം മറ്റ് ആരോഗ്യ സംവിധാനങ്ങളോട് സഹകരിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.