തേജോമയ പദ്ധതി ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ലോഗോയും ബ്രാന്‍ഡിംഗും

Spread the love

തിരുവനന്തപുരം : സംസ്ഥാന വനിതാശിശു വികസന വകുപ്പിന്റെ തേജോമയ പദ്ധതിയിലുള്‍പ്പെട്ട അതിജീവിതരായ കുട്ടികള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ ബ്രാന്‍ഡിംഗും പ്രത്യേക ലോഗോയുടെ പ്രകാശനവും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

ഈ ഉത്പനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും വിപണിയിലെത്തിച്ച് കുട്ടികളുടെ പുനരധിവാസത്തിന് വേണ്ടി ഒരു കോര്‍പ്പസ് ഫണ്ട് രൂപീകരിക്കുന്നതിനുള്ള മാര്‍ഗരേഖ വനിത ശിശുവികസന വകുപ്പ് തയ്യാറാക്കി വരുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ ബ്രാന്‍ഡിംഗിലൂടെ കുട്ടികള്‍

നിര്‍മ്മിക്കുന്ന വിവിധതരം വസ്ത്രങ്ങളും ബാഗുകളും ബേക്കറി ഉത്പന്നങ്ങളും വിപണനം നടത്തും. എറണാകുളം കാക്കനാടുള്ള വകുപ്പിന്റെ തന്നെ കെട്ടിടത്തില്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ വിവിധതരം കൈത്തൊഴിലുകള്‍ പരിശീലിപ്പിക്കുന്നതിനും മെച്ചപ്പെട്ട വിപണന സാധ്യതകള്‍ നല്‍കുന്നതിനുമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരും വീടുകളിലേക്ക് തിരിച്ച് പോകാന്‍ സാധിക്കാത്തതുമായ അതിജീവിതരായ പെണ്‍കുട്ടികളുടെ ദീര്‍ഘകാല പുനരധിവാസം ലക്ഷ്യമാക്കിയാണ് വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള നിര്‍ഭയ സെല്ലിന്റെ മേല്‍നോട്ടത്തില്‍ തേജോമയ ഹോം പ്രവര്‍ത്തിച്ചു വരുന്നത്. എന്‍ട്രി ഹോമുകള്‍, മോഡല്‍ ഹോം എന്നിവിടങ്ങളിലെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കട്ടികള്‍കളില്‍ അനുയോജ്യരായവരെ സൈക്കോളജിക്കല്‍ അസസ്മെന്റ് നടത്തി തെരഞ്ഞെടുക്കുകയും ഹോമിലെത്തിച്ച് ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് തൊഴിലധിഷ്ഠിത പരിശീലനം, ജീവിത നൈപുണ്യ പരിശീലനം എന്നിവ നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ഇതുവരെ 20 കുട്ടികള്‍ക്ക് പരിശീലനം നല്‍കി മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ 19 കുട്ടികള്‍ തേജോമയ പദ്ധതിയ്ക്ക് കീഴില്‍ പരിശീലനം നടത്തിവരുന്നു.

വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രീല മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *