സംസ്ഥാനത്ത് ഗവേഷണ പോളിസി രൂപീകരിക്കും: മന്ത്രി വീണാ ജോർജ്
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംസ്ഥാനത്ത് ഗവേഷണവുമായി ബന്ധപ്പെട്ട് ഗവേഷണ പോളിസി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗവേഷണത്തിന് അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും വേഗത്തിൽ അനുമതി ലഭ്യമാക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഗവേഷണ നയം രൂപീകരിക്കുന്നത്. ഗവേഷണ രംഗത്ത് ഏറെ സഹായകരമായ ഗവേഷണ പോളിസി എത്രയും വേഗം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ തുടർ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് സെന്ററുമായ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന് പുതിയ
കെട്ടിടം യാഥാർത്ഥ്യമായിരിക്കുകയാണ്. ആരോഗ്യ സർവകലാശാലയുടെ ദീർഘകാല സ്വപ്നമാണ് സ്വന്തം കെട്ടിടത്തിലൂടെ സാക്ഷാത്ക്കരിച്ചത്. സർക്കാരിന്റെ പ്ലാൻ ഫണ്ടുപയോഗിച്ച് 28 കോടി രൂപയോളം ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.മെഡിക്കൽ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന് വലിയ പ്രാധാന്യം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ട് മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കി. നഴ്സിംഗ് മേഖലയിൽ 7 സർക്കാർ നഴ്സിംഗ് കോളേജുകൾ ആരംഭിച്ചു. കൂടാതെ സിമെറ്റിന്റെ കീഴിലും സീപാസിന്റെ കീഴിലും നഴ്സിംഗ് കോളേജുകൾ ആരംഭിച്ചു. 2500 ഓളം നഴ്സിംഗ് സീറ്റുകൾ ഈ രണ്ട് വർഷക്കാലത്തിനുള്ളിൽ പുതുതായി അനുവദിച്ചു. പിജി സീറ്റുകൾ കൂടുതൽ ലഭ്യമാക്കാൻ പരിശ്രമിച്ചു. അടുത്തിടെ 270 ഡോക്ടർമാരെ ഒരുമിച്ച് നിയമിച്ചു.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, കൗൺസിലർ ഡി.ആർ. അനിൽ, എത്തിക്സ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് ഹരിഹരൻ നായർ, മുൻ വൈസ് ചാൻസലർ ഡോ. എംകെസി നായർ, സി.പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയർ ജേക്കബ് വർഗീസ്, എക്സി. എഞ്ചിനീയർ ടി. റഷീദ്, പ്രോ വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് മോറിസ്, ആർ.സി.സി. ഡയറക്ടർ ഡോ. രേഖാ നായർ എന്നിവർ പങ്കെടുത്തു.