പട്ടയം ലഭിക്കാത്തവരുടെ വിവരശേഖരണം ഇന്നു (മാര്‍ച്ച് 1) മുതല്‍:അര്‍ഹരായവര്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍

Spread the love

*മാര്‍ച്ച് 15 വരെ വിവരങ്ങള്‍ നല്‍കാം.

ജില്ലയില്‍ പട്ടയം ലഭിക്കാത്തവരുടെ വിവരശേഖരണം ഇന്നു (മാര്‍ച്ച് 1) മുതല്‍ ആരംഭിക്കും. അര്‍ഹരായ എല്ലാ കൈവശക്കാരും അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. 1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്ന മുഴുവന്‍ പേര്‍ക്കും അതത് സ്ഥലത്ത് ബാധകമായ പതിവ് ചട്ടങ്ങള്‍ പ്രകാരം യോഗ്യതയ്ക്കനുസൃതമായി പട്ടയം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇതുവരെ പട്ടയം ലഭിക്കാത്തവരുടെ സമഗ്ര വിവരശേഖരണം നടത്തുന്നത്.

സംയുക്ത പരിശോധന നടന്നയിടങ്ങളില്‍ ജെ.വി ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍, സംയുക്ത പരിശോധന നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, നാളിതുവരെ പല കാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ എന്നിവരുടെ വിവരങ്ങള്‍ ഇന്ന് (മാര്‍ച്ച് 1) മുതല്‍ 15 വരെ വില്ലേജ് ഓഫീസുകള്‍ മുഖാന്തിരം ശേഖരിക്കും.

നിശ്ചിത മാതൃകയിലുള്ള വിവരശേഖരണ ഫോം ജില്ലയിലെ വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച വിവരശേഖരണ ഫോം, ആവശ്യമായ രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷകന്‍ നേരിട്ട് ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് അതത് ഓഫീസുകളില്‍ നിന്ന് കൈപ്പറ്റ് രസീത് നല്‍കും.

അപേക്ഷന്റെ പേര്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, 1977 ജനുവരി ഒന്നിന് മുന്‍പ് കുടിയേറിയ വനഭൂമിയുടെ വിശദാംശങ്ങള്‍, കൈമാറ്റം സംബന്ധിച്ച രേഖകള്‍, സംയുക്ത പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രസക്തമായ പകര്‍പ്പ്, അതില്ലെങ്കില്‍ 1977 ജനുവരി 1 ന് മുന്‍പുള്ള കൈവശം തെളിയിക്കുന്നതിനാവശ്യമായ പ്രമാണങ്ങള്‍, മറ്റ് തെളിവുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ പൂരിപ്പിച്ച വിവര ശേഖരണ ഫോമിനൊപ്പം ഉള്ളടക്കം ചെയ്തുവേണം അപേക്ഷ നല്‍കേണ്ടത്.

Author

Leave a Reply

Your email address will not be published. Required fields are marked *