മൂന്ന് വർഷം കൊണ്ട് വിതരണം ചെയ്തത് 25.24 കോടി രൂപ.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ചതായി സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ സഹായം അനുവദിക്കാതിരുന്ന ഒട്ടനവധി രോഗങ്ങൾക്ക് ചികിത്സാധനസഹായം ലഭിക്കുന്നതിനായി ബോർഡിന്റെ ചട്ടങ്ങൾ ഭേദഗതി വരുത്തിയിട്ടുണ്ട്.
ഈ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് 14778 ജീവനക്കാർക്കായി 25,24,45,361 രൂപയുടെ സഹായം വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.
സേവനത്തിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരായ 290 പേർക്ക് 7,18,25000 രൂപ മരണാനന്തര ധനസഹായമായും ഈ കാലയളവിൽ അനുവദിച്ചു. സേവനത്തിൽ നിന്നും പിരിഞ്ഞുപോയ 5445 ജീവനക്കാർക്ക് ബോർഡിലേക്ക് അടച്ച വിഹിതം ഇനത്തിൽ 17,84,86,490 രൂപ തിരികെ നൽകുകയും അതോടൊപ്പം 10% ഇൻസെന്റിവായി 1,69,23,861 രൂപ നൽകുകയും ചെയ്തു. ഇക്കാലയളവിൽ 1479 ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമായി 9,03,10,000 രൂപ വിവിധ ചികിത്സാ ധനസഹായങ്ങളായി നൽകിയിട്ടുണ്ട്.
ഓണം പ്രമാണിച്ച് ഫെസ്റ്റിവൽ അലവൻസ്, ബോണസ് എന്നിവ നൽകാൻ സാഹചര്യമില്ലാത്ത സഹകരണ സ്ഥാപനങ്ങളിലെ ബോർഡ് അംഗങ്ങളായ 276 ജീവനക്കാർക്ക് 3000 രൂപ വീതം 82,8000 രൂപ സമാശ്വാസ ധനസഹായമായി നൽകി. കോവിഡ് പ്രതിസന്ധിക്കിടയിൽ തിരിച്ചടക്കേണ്ടാത്ത ധനസഹായമായി 2500 രൂപ വീതം 133 പേർക്ക് 3,32,500 രൂപയും വിതരണം ചെയ്തിട്ടുണ്ട്.
കലാ-കായിക രംഗത്തെ മികവിനും പഠനത്തിൽ ഉന്നതവിജയം നേടുകയും ചെയ്തു സഹകരണ ജീവനക്കാരുടെ മക്കൾക്കായി വർഷം തോറും നൽകുന്ന ക്യാഷ് അവാർഡ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കോളർഷിപ്പ് വിതരണമായി മാറിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 3 വർഷങ്ങളിലായി 11 കേന്ദ്രങ്ങളിൽ വച്ച് 7155 കുട്ടികൾക്ക് 7,22,26,000 രൂപ (ഏഴു കോടി ഇരുപത്തിരണ്ട് ലക്ഷത്തി ഇരുപത്തിയാറായിരം രൂപ) ക്യാഷ് അവാർഡായി നൽകി.