മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു

Spread the love

പൊതുമേഖലാസ്ഥാപങ്ങളുമായുള്ള പ്രവര്‍ത്തന ധാരണാപത്രം ഒപ്പുവച്ചു.

തിരുവനന്തപുരം : വ്യവസായ വകുപ്പിന്റെ കീഴിലുള്ള മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, മലപ്പുറം കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ്, കേരളാ സിറാമിക്സ് ലിമിറ്റഡ്, കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവയാണ് മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍. അഞ്ച് ലക്ഷം രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയ വാര്‍ഷിക വളര്‍ച്ചാനിരക്ക് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിമിറ്റഡ് എംഡി കെ. ഹരികുമാര്‍, കേരളാ സിറാമിക്സ് ലിമിറ്റഡ് എംഡി പി. സതീശ് കുമാര്‍ എന്നിവര്‍ക്കാണ് മികച്ച മാനേജിംഗ് ഡയറക്ടര്‍ക്കുള്ള പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

                 

ഇതോടൊപ്പം മാധ്യമ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. അച്ചടി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച മെട്രോ വാര്‍ത്തയിലെ എം.ബി സന്തോഷ് അവാര്‍ഡ് ഏറ്റുവാങ്ങി. ‘ദാക്ഷായണി ബിസ്‌കറ്റും സംരംഭക വര്‍ഷവും എന്ന റിപ്പോര്‍ട്ടാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ദേശാഭിമാനിയിലെ എ. സുള്‍ഫിക്കര്‍ രണ്ടാം സ്ഥാനത്തിനുള്ള അവാര്‍ഡ് സ്വീകരിച്ചു. കേരളാ പേപ്പര്‍ പ്രോഡക്ട്സിനെക്കുറിച്ച് തയ്യാറാക്കിയ ഫീനിക്സ് എന്ന റിപ്പോര്‍ട്ടാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. കേരളം നിക്ഷേപ സൗഹൃദമാണ് എന്ന റിപ്പോര്‍ട്ടിന് ബിസിനസ് പ്ലസിലെ ആര്‍. അശോക് കുമാര്‍ മൂന്നാം സ്ഥാനത്തിനുള്ള അവാര്‍ഡ് സ്വീകരിച്ചു. ദൃശ്യ മാധ്യമ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിനുള്ള അവാര്‍ഡ് നേടിയത് മാതൃഭൂമി ന്യൂസിലെ ഡോ.ജി.പ്രസാദ് കുമാറാണ്. പവര്‍ ടില്ലര്‍ കയറ്റുമതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. കേരളാ പേപ്പര്‍ പ്രോഡക്ട്സിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ എസ്. ശ്യാംകുമാറിന് രണ്ടാം സ്ഥാനത്തിനുള്ള അവാര്‍ഡ് സ്വീകരിച്ചു .ആദ്യ മൂന്ന് അവാര്‍ഡുകള്‍ക്ക് യഥാക്രമം 50000, 25000, 10000 രൂപ വീതവും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

           

പോള്‍ ആന്റണി ഐഎഎസ് ചെയര്‍മാനായും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം. മുഹമ്മദ് ഹനീഷ് ഐഎഎസ്, ബിപിസിഎല്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ട്ര്‍ നന്ദകുമാര്‍ ഇ. എന്നിവര്‍ അംഗങ്ങളായുള്ള പൊതുമേഖല അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയാണ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരോ വിഭാഗങ്ങള്‍ക്കുള്ള അവാര്‍ഡ് നിര്‍ണ്ണയിച്ചത്. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ട്ര്‍ ഹരികിഷോര്‍ ഐഎഎസ് ജിഗീഷ് എ എം , കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റി യാണ് മാധ്യമങ്ങളിലെ മികച്ച അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്.

ഉത്പാദന മേഖലയില്‍ 100 കോടി രൂപക്ക് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനം, 25 കോടി രൂപക്ക് മുകളിലും 100 കോടി രൂപക്ക് താഴെയും വിറ്റുവരവുള്ള സ്ഥാപനം, 25 കോടി രൂപക്ക് താഴെ വിറ്റുവരവുള്ള സ്ഥാപനം, ഉത്പാദനേതര മേഖലയിലെ മികച്ച പൊതുമേഖലാ സ്ഥാപനം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മികച്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്.

വ്യവസായ വകുപ്പിന്റെ അധീനതയില്‍ 7 പ്രധാന മേഖലകളിലായി 54 പൊതുമേഖലാസ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തി മത്സരക്ഷമത ഉറപ്പു വരുത്തുതിനായി വിവിധ നയ പരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്്. ഇതിന്റെ ഭാഗമായി പബ്ലിക് സെക്ടര്‍ റീസ്ട്രക്ച്ചറിങ് ആന്‍ഡ് ഇന്റേണല്‍ ആഡിറ്റ് ബോര്‍ഡ് (RIAB) ബോര്‍ഡ് ഫോര്‍ പബ്ലിക്് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ (BPT) എന്ന് പുനര്‍നാമകരണം ചെയ്ത് ഗവേര്‍ണിംഗ് ബോര്‍ഡ് പുനസംഘടിപ്പിച്ചു.

പൊതുമേഖലാസ്ഥാപങ്ങളുമായുള്ള പ്രവര്‍ത്തന ധാരണാപത്രം ഒപ്പുവയ്ക്കല്‍ (Signing of MoU)

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റം വരുത്തുതിനായി എല്ലാ സ്ഥാപനങ്ങളിലും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ MOU & Business Plan നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യ ‘ധാരണാപത്രം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്റ്റും വ്യവസായ വകുപ്പുമായി ചടങ്ങില്‍ ഒപ്പിട്ടു. മറ്റു സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം വ്യവസായ വകുപ്പുമായും ബിപിടിയുമായും ഈ മാസം അവസാനത്തോടു കൂടി ഒപ്പിടുന്നതാണ്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ധാരണാപത്രം നടപ്പിലാക്കുന്നതു വഴി പൊതുമേഖലാസ്ഥാപനങ്ങളുടെ ഉല്‍പ്പാദനക്ഷമത, വിറ്റുവരവ്, ലാഭം, സാമ്പത്തിക അച്ചടക്കം, ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയും അംഗീകാരവും, തൊഴിലാളിമാനേജ്മെന്റ് ബന്ധം, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്ഥാപനങ്ങളുമായുള്ള ബന്ധം, സാമൂഹിക പ്രതിബദ്ധത എന്നീ മേഖലകളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനപുരോഗതി കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്.

പൊതുമേഖലാ സ്ഥാപങ്ങളുടെ പരിവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ സ്വയം ഭരണാവകാശവും ഉത്തരവാദിത്വവും ഉറപ്പുവരുത്തി പ്രവര്‍ത്തനം മെച്ചപ്പെടുത്തുതിനായുള്ള ധാരണാപത്രം ,കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ക്കനുസ്യതമായി നടപടിക്രമങ്ങള്‍ (systems & Procedures) വികസിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള വിവിധ പരിവര്‍ത്തന പ്രവര്‍ത്തനങ്ങളാണ് ബിപിടിയുടെ നേത്യത്വത്തില്‍ നടപ്പിലാക്കി വരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള ധാരണാപത്രം സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിന്, സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക, സാമ്പത്തികനിര്‍ദ്ദേശങ്ങളും പരിശീലന പരിപാടികളും ബിപിടി മുഖേന നല്‍കിവരുന്നു.

എംഎല്‍എ അഡ്വ.വി.കെ പ്രശാന്ത്, വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടര്‍ ഹരികിഷോര്‍ ഐഎഎസ്, വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജുല തോമസ് ഐഎഎസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐഎഎസ്, ബിപിടി എക്സിക്യൂട്ടീവി ചെയര്‍മാന്‍ കെ അജിത്ത് കുമാര്‍, മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, ബിപിടി സെക്രട്ടറി മെമ്പര്‍ സതീഷ്‌കുമാര്‍ പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

PHOTOGRAPHS ATTACHED

ഫോട്ടോ ക്യാപ്ഷൻ 1. ഉത്പാദന മേഖലയിൽ 100 കോടി രൂപക്ക് മേൽ വിറ്റുവരവുള്ള മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാർഡ് ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മാനിക്കുന്നു.

ഫോട്ടോ ക്യാപ്ഷൻ 2. ഉത്പാദന മേഖലയിൽ 100 കോടി രൂപക്ക് താഴെയും 25 കോടി രൂപക്കും മുകളിലുള്ള മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാർഡ് മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മിൽസിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മാനിക്കുന്നു.

ഫോട്ടോ ക്യാപ്ഷൻ 3. ഉത്പാദന മേഖലയിൽ 25 കോടി രൂപക്ക് താഴെ വിറ്റുവരവുള്ള മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാർഡ് കേരളാ സിറാമിക്സ് ലിമിറ്റഡിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മാനിക്കുന്നു.

ഫോട്ടോ ക്യാപ്ഷൻ 4. ഉത്പാദനേതര മേഖലയിലെ മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാർഡ് കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മാനിക്കുന്നു.

ഫോട്ടോ ക്യാപ്ഷൻ 5 – മികച്ച മാനേജിംഗ് ഡയറക്ടർക്കുള്ള പുരസ്‌കാരം കേരളാ സിറാമിക്സ് ലിമിറ്റഡ് എംഡി പി. സതീശ് കുമാറിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മാനിക്കുന്നു.

ഫോട്ടോ ക്യാപ്ഷന്‍ 6- മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാര്‍ഡ് വിതരണ ചടങ്ങ് വ്യവസായ വകുപ്പ് വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

Author

Leave a Reply

Your email address will not be published. Required fields are marked *